ശൂരനാട്: സ്വന്തമായി പാരച്ച്യൂട്ട് ഉണ്ടാക്കി പറക്കാന്‍ ശ്രമിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. കുറച്ച് നേരം നാട്ടുകാരേയും ഇയാള്‍ വട്ടംകറക്കി. ശൂരനാട് പോരുവഴി മലനട ക്ഷേത്രത്തിനു സമീപം കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ബൈക്കില്‍ ക്ഷേത്ര പരിസരത്തെത്തിയ യുവാവ് ഒപ്പം പാരച്ച്യൂട്ട് കൊണ്ട് വന്നിരുന്നു. ശേഷം പറക്കാന്‍ തുടങ്ങി. ആദ്യം ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടില്ല. കൂടുതല്‍ ദൂരത്തേക്കു പറക്കാന്‍ തുടങ്ങിയതോടെ ആളും കൂടി.
എന്നാല്‍ ശക്തമായ കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട പാരച്ചൂട്ട് മരത്തിലേക്കു പൊട്ടിവീണു. ഇതുമായി യുവാവ് ഒരു മണിക്കൂറോളം മരത്തില്‍ കുടുങ്ങിക്കിടന്നു. എന്നാല്‍ ഒരു ഹെല്‍മറ്റ് മാത്രമായിരുന്നു ‘സുരക്ഷാകവചം’. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ താഴെയിറങ്ങിയ ഇയാള്‍ ബൈക്കില്‍ സ്ഥലംവിട്ടു.
കന്നാസ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് അശാസ്ത്രീയമായ രീതിയിലാണു നിര്‍മാണം. 11 കെവി ലൈന്‍ കടന്നുപോകുന്നയിടത്തു നടത്തിയ പരീക്ഷണപ്പറക്കല്‍ വന്‍ദുരന്തത്തില്‍ കലാശിക്കുമായിരുന്നു.
എന്നാല്‍ ഇതാദ്യമായല്ല ഇയാള്‍ സാഹസികകാര്യങ്ങള് ചെയ്യുന്നത്. നേരത്തെ ഇത്തരത്തില്‍ വന്നിട്ടുണ്ടെങ്കിലും നാട്ടുകാര്‍ എതിര്‍ത്ത് തിരിച്ചയച്ചിരുന്നതായി പഞ്ചായത്തംഗം ആര് രാധ പറയുന്നു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അംഗീകാരമുള്ള സ്ഥാപനങ്ങള്‍ക്കും സുരക്ഷാനിര്‍ദേശങ്ങള്‍ പാലിച്ചിട്ടുള്ള പാരച്ചൂട്ടുകള്ക്കുമാണു പറക്കാന്‍ അനുവാദമുള്ളത്.
Discussion about this post