പന്തളം: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും മണിക്കൂറുകള്‍ക്ക് മുമ്പേ വരന്‍ മുങ്ങി, കതിര്‍മണ്ഡപത്തില്‍ കാത്തിരുന്ന നവവധുവിന് ജീവിതം നല്‍കി സഹോദരന്റെ സുഹൃത്ത്.
പന്തളത്താണ് കഴിഞ്ഞദിവസം സിനിമയെ വെല്ലുന്ന വിവാഹം നടന്നത്. കുരമ്പാല തെക്ക് കാഞ്ഞിരമുകളില്‍ മധുവിന്റെ മകള്‍ മായയുടെ വിവാഹമാണ് ഇന്നലെ പകല്‍ 11.40നും 12 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ കുരമ്പാല പുത്തന്‍കാവില്‍ ഭഗവതി ക്ഷേത്രത്തില്‍ നിശ്ചയിച്ചിരുന്നത്.
താമരക്കുളം സ്വദേശിയായ വരനും ബന്ധുക്കളും മൂഹൂര്‍ത്തം അടുത്തിട്ടും എത്തിയില്ല. അന്വേഷിച്ചപ്പോള്‍ വരന്‍ വീട്ടില്‍ നിന്ന് രാവിലെ മുങ്ങിയതായി അറിഞ്ഞു. വരനും കൂട്ടരും എത്താതായതോടെ ബന്ധുക്കള്‍ പന്തളം പോലീസില്‍ പരാതി നല്‍കി. പന്തളം പോലീസ് നൂറനാട് പോലീസുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തില്‍ വരനെ രാവിലെ മുതല്‍ കാണാനില്ല എന്ന് വ്യക്തമായി.
പ്രതിസന്ധി മറികടക്കാന്‍ പോംവഴികള്‍ തേടി. മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആര്‍. ജ്യോതികുമാര്‍ മുന്‍കൈ എടുത്ത് വിവാഹത്തിന് തയ്യാറായ സഹോദരന്റെ സുഹൃത്ത് സുധീഷുമായി വിവാഹം ഉറപ്പിച്ചു. തുടര്‍ന്ന് കാര്യങ്ങള്‍ പെട്ടെന്ന് നടന്നു. നിശ്ചയിച്ച മൂഹൂര്‍ത്തത്തില്‍ നിന്ന് അല്‍പം മാറിയെങ്കിലും അന്നത്തെ ദിവസം തന്നെ വിവാഹം നടന്നു.
പൂഴിക്കാട് പൊയ്കകുറ്റിയില്‍ ജാനകിയമ്മയുടെ മകനാണ് സുധീഷ്. വൈകുന്നേരം മൂന്നിന് നേരത്തെ നിശ്ചയിച്ച ക്ഷേത്രത്തില്‍ വച്ചു തന്നെ വിവാഹം നടത്തി. വിഭവസമൃദ്ധമായ സദ്യയും എല്ലാവര്‍ക്കും നല്‍കി.