തിരുവനന്തപുരം: ഗാന്ധിജയന്തിയോടനുബന്ധിച്ച് എല്ലാവര്‍ഷവും തടവുകാര്‍ക്ക് ഇളവ് നല്കി വിട്ടയക്കാറുള്ള പദ്ധതി ഈ വര്‍ഷം ഏറെ വൈകുമെന്ന് സൂചന. 20 ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാറിന് വിട്ടയ്ക്കാനുള്ള തടവുകാരുടെ ലിസ്റ്റ് ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ല. നേരത്തെ നല്കിയ സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ മടക്കിയതിനാല് ആവശ്യമായ നടപടികള്‍ ആദ്യം മുതല്‍ തുടങ്ങേണ്ടതായി വരുമെന്നതാണ് കാരണം.
തടവുകാരെ വിട്ടയക്കുന്ന കാര്യത്തിലെ റിവ്യൂ ഹര്‍ജിയിലെ തീരുമാനവും നിര്‍ണായകമാണ്. 120 തടവുകാരുടെ പട്ടികയാണ് ജയില്‍ മേധാവി സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഇതില്‍ സൂക്ഷ്മ പരിശോധന നടത്തിയ സര്‍ക്കാര്‍ 34 പേരെ വിട്ടയക്കാന്‍ തീരുമാനിച്ചു. എന്നാല്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച തടവുകാരുടെ വിവരങ്ങള്‍ അപൂര്‍ണ്ണമാണെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ പട്ടിക തിരിച്ചയക്കുകയായിരുന്നു. ഇതോടെ വിട്ടയ്ക്കാനുള്ള ഓരോ തടവുകാരന്റെയും മുഴുവന്‍ വിവരങ്ങളും ജയില്‍ മേധാവിക്ക് വീണ്ടും ശേഖരിക്കേണ്ടിവരും.
കേസ്, ശിക്ഷാ കാലയളവ്, പരോള്‍ വിവരങ്ങള്‍, ജയിലിലെ തടവുകാരുടെ സ്വഭാവം, ആരോഗ്യം തുടങ്ങിയവയെല്ലാം പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് സമയമെടുക്കും. ഗവര്‍ണറുടെ അനുമതി ലഭിച്ചാലും തടവുകാരെ വിട്ടയക്കാന്‍ ഹൈക്കോടതിയുടെ അനുമതി കൂടിവേണമെന്ന് ഡിവിഷന് ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ കൊടുത്തിട്ടുള്ള റിവ്യൂ ഹര്‍ജിയില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നതും തടവുകാരുടെ മോചനം വൈകിക്കും. ഈ കേസിന്റെ കാര്യം എന്തായെന്നും ഗവര്‍ണ്ണര്‍ അന്വേഷിച്ചിട്ടുണ്ട്. കോടതി ഉത്തരവ് വന്നിട്ട് തീരുമാനം മതിയെന്ന് ഗര്‍വണ്ണര്‍ തീരുമാനിച്ചാല്‍ വിട്ടയക്കല്‍ നടപടി പിന്നെയും വൈകും.
Discussion about this post