തിരുവനന്തപുരം: മുടിനീട്ടി വളര്‍ത്തിയതിന്റെ പേരില്‍ ദളിത് വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ പുറത്താക്കിയതായി പരാതി. മരിയാപുരം ബിഷപ്പ് പീറ്റര്‍ പെരേര മെമ്മോറിയല്‍ ഐടിഐയില്‍ പരീക്ഷയ്ക്കിടെയാണ് സംഭവം.
പരീക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും വന്ന അധ്യാപകനാണ് വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ പുറത്താക്കിയത്. രണ്ട് വിദ്യാര്‍ത്ഥികളെ ഇത്തരത്തില്‍ പുറത്താക്കിയെങ്കിലും ഒരു വിദ്യാര്‍ത്ഥി മുടി വെട്ടികൊണ്ട് വന്നതിനാല്‍ പരീക്ഷയ്ക്കിരിക്കാന്‍ അനുവദിക്കുകയായിരുന്നു.
എന്നാല്‍ അരവിന്ദ് എന്ന വിദ്യാര്‍ത്ഥി ഇന്ന് വീണ്ടും പരീക്ഷയ്ക്കായി എത്തിയെങ്കിലും മുടി വെട്ടാതെ പരീക്ഷക്കിരിക്കാന്‍ സമ്മതിക്കില്ലെന്ന് നിലപാടാണ് ഐടിഐ അധികൃതര്‍ സ്വീകരിച്ചത്.
ധനുവച്ചപുരം ഐടിഐയിലെ സാം രാജ് എന്ന അധ്യാപകനാണ് സ്ക്വാഡ് ആയി പരീക്ഷയ്ക്ക് എത്തിയത്. മുടി നീട്ടി വളര്‍ത്തിയ വിദ്യാര്‍ത്ഥികളുടെ ഫോട്ടോ എടുത്ത ശേഷം പരീക്ഷ എഴുതുന്നത് തടയുകയായിരുന്നു.
സ്ക്വാഡ് അധ്യാപകന് പറയാതെ പരീക്ഷക്കിരുത്താന്‍ അനുവദിക്കില്ലെന്നാണ് ഐടിഐ പ്രിന്‍സിപ്പാള്‍ പറഞ്ഞതെന്ന് വിദ്യാര്‍ത്ഥികളിലൊരാളായ അരവിന്ദ് പറയുന്നു.
Discussion about this post