തൃശൂര്‍: വിദ്യാഭ്യാസരംഗത്തെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പില്‍ കേരളത്തെ മികച്ച സംസ്ഥാനമായി തെരഞ്ഞുടുത്തു. കേന്ദ്ര മാനവശേഷി വികസനമന്ത്രാലയം നിര്‍ദേശിച്ച അഞ്ച് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി നീതി ആയോഗിന്റെ പരിശോധനാ റിപ്പോര്‍ട്ടനുസരിച്ചാണ് കേരളത്തെ തെരഞ്ഞെടുത്തത്.
പ്രാഥമിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് ആവിഷ്കരിച്ച സര്‍വ ശിക്ഷാ അഭിയാന്റെ (എസ്എസ്) 2017-18 വര്‍ഷത്തെ നിര്‍വഹണത്തിലാണ് കേരളം മികവുപുലര്‍ത്തിയത്. പെണ്‍കുട്ടികള്‍ക്ക് സാര്‍വത്രിക വിദ്യാഭ്യാസം നല്‍കുന്നതുള്‍പ്പെടെയുള്ള സാമൂഹിക നീതി നിര്‍വഹണം, വിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ക്ക് എത്തിച്ചേരാനുള്ള സൗകര്യം, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം, വിദ്യാലയങ്ങളുടെ നടത്തിപ്പ്, നല്ല ക്ലാസ് മുറികളും വൃത്തിയുള്ള ശൗചാലയങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് പരിഗണിച്ചത്. ഇവയില്‍ കേരളത്തിന് ആകെ 826 പോയിന്റ് ലഭിച്ചു. പദ്ധതിക്കായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ച ഫണ്ട് കേരളത്തില്‍ ഫലപ്രദമായി വിനിയോഗിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
കേരളത്തില്‍ 35 ലക്ഷം കുട്ടികള്‍ പദ്ധതികളുടെ ഗുണഭോക്താക്കളാണ്. ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകള്‍ എസ്എസ്എയുടെ കീഴിലും ഒന്പതുമുതല് പ്ലസ് ടു വരെ രാഷ്ടീയ മാധ്യമിക് ശിക്ഷാ അഭിയാന്റെ (ആര്‍എംഎസ്എ) കീഴിലുമായിരുന്നു. കഴിഞ്ഞ ഏപ്രില്‍മുതല്‍ രണ്ട് പദ്ധതികളും സമഗ്ര ശിക്ഷാ അഭിയാന് എന്ന പേരിലായി.
Discussion about this post