നിലമ്പൂര്‍: കെഎസ്ആര്‍ടിസി ബസ് അപകടം കവര്‍ന്നത് സരിതയുടെ ജീവന് മാത്രമായിരുന്നില്ല, പറക്കമുറ്റാത്ത 3 കുഞ്ഞുങ്ങളുടെ ഭാവി കൂടിയായിരുന്നു. മൂന്ന് മക്കളെയും തനിച്ചാക്കി കാട്ടുമുണ്ട കമ്പനിപ്പടിയിലെ ബസ് അപകടത്തില്‍ സരിത യാത്രയായപ്പോള്‍ പാതിയില്‍ നിലച്ചത് കുടുംബത്തിന്റെ സ്വന്തമായ കിടപ്പാടമെന്ന സ്വപ്നം കൂടിയായിരുന്നു. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന സരിത പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളെ സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തരാക്കാനും സ്വന്തമെന്ന് പറയാനായി ഒരു വീടൊരുക്കാനുമുള്ള ഓട്ടത്തിലായിരുന്നു. ഇതിനിടെയാണ് അപകടത്തിന്റെ രൂപത്തില്‍ യുവതിയെ വിധി കവര്‍ന്നെടുത്തത്.
വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ 2 വര്‍ഷം മുന്‍പാണ് സരിത ജോലിക്കു ചേര്‍ന്നത്. മുന്‍പ് നിലമ്പൂരില്‍ സ്വകാര്യ ഡയഗ്നോസ്റ്റിക് സെന്ററില്‍ ജീവനക്കാരിയായിരുന്നു. സരിത മക്കളുമൊത്ത് മമ്പാട് പുള്ളിപ്പാടം വില്ലേജ് ഓഫീസിന് സമീപം ഒറ്റമുറി വാടക ക്വാര്‍ട്ടേഴ്സിലാണു താമസിച്ചിരുന്നത്. മൂത്തമകന് ശിവനേഷ് നിലമ്പൂര്‍ മന്നം സ്മാരക എന്‍എസ്എസ് എച്ച്എസ്എസില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. മകള്‍ സുനിത ഏഴിലും ഇളയ മകന് ശക്തിമൂര്‍ത്തി നിലമ്പൂര്‍ ഗവ. മാനവേദന് എച്ച്എസ്എസില്‍ അഞ്ചിലും പഠിക്കുകയാണ്. നിലമ്പൂര്‍ മുതീരിയില്‍ നഗരസഭ പിഎംഎവൈ പദ്ധതിയില്‍ കുടുംബത്തിന് അനുവദിച്ച വീടിന്റെ നിര്‍മ്മാണമാകട്ടെ, ലിന്റല്‍ ഘട്ടത്തിലാണ്.
വീട്ടുചെലവിനും മക്കളുടെ പഠനഭാരവും ഒപ്പം വീടുപണിയും കൂടിയയാതോടെ വരുമാനം നിലനിര്‍ത്താനായി കഠിനപ്രയത്നത്തിലായിരുന്നു സരിതയെന്ന് നാട്ടുകാരും സഹപ്രവര്‍ത്തകരും പറയുന്നു. സരിതയുടെ പിതാവും സഹോദരനും സാധാരണക്കാരാണ്. സരിതയുടെ വേര്‍പാടോടെ കുട്ടികളുടെ ഭാവിയും വീടു നിര്‍മ്മാണവും അനിശ്ചിതത്വത്തിലായി. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം വണ്ടൂരിലെ ആശുപത്രിയില്‍ പൊതുദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് വീട്ടിച്ചാലിലെ തറവാട്ടില്‍ കൊണ്ടുവന്നപ്പോള്‍ അലമുറയിട്ടുള്ള മക്കളുടെയും മാതാപിതാക്കളുടെയും കരച്ചില് നാടിന്റെയും കണ്ണീരാവുകയായിരുന്നു. നഗരസഭാ വാതകശ്മശാനത്തില്‍ സംസ്കാരം നടത്തി.
Discussion about this post