തിരുവനന്തപുരം: പ്രളയത്തില്‍ നശിച്ച ധാന്യങ്ങള്‍ വിപണിയിലെത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് മുഖ്യമന്ത്രി ഇക്കാര്യം ജനങ്ങളെ അറിയിച്ചത്. ഈ കാര്യം സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഈ ഇടപെടലെന്നും മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കഴിഞ്ഞ ആഗസ്റ്റിലെ പ്രളയത്തില്‍ നശിച്ച നെല്ലും അരിയും കഴുകി പോളിഷ് ചെയ്ത് വിപണിയിലെത്തിക്കാനുള്ള സാധ്യത തടയണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിക്ക് കത്തയച്ചു. ഇതു സംബന്ധിച്ച മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഇടപെട്ടത്.
പ്രളയത്തില്‍ നശിച്ചുപോയ അരിയും നെല്ലും ഒഴിവാക്കുന്നതിന് സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നടപടി സ്വീകരിച്ചിരുന്നു. എറണാകുളം കാലടിയിലെ സൈറസ് ട്രേഡേഴ്സിനാണ് കേടുവന്ന അരിയും നെല്ലും ലേലത്തില്‍ കൊടുത്തത്. എന്നാല്‍, ലേലം ചെയ്ത അരിയും നെല്ലും തൃശിനാപ്പള്ളിയിലെ ഒരു ഏജന്‍സിക്ക് കൊടുത്തതായും അത് അവിടെനിന്ന് കോയമ്പത്തൂരിലേക്ക് അയച്ചതായും പത്ര റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നശിച്ചുപോയ ധാന്യം വീണ്ടും വിപണിയിലെത്താന്‍ സാധ്യതയുണ്ടെന്നും വാര്‍ത്തകളുണ്ട്.
മനുഷ്യോപയോഗത്തിന് പറ്റാത്ത സാധനങ്ങള്‍ വിപണിയിലെത്തിക്കാനുള്ള നീക്കം തടയുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.