വണ്ണപ്പുറം: 75 യാത്രികരുമായി പോയ കെഎസ്ആര്‍ടിസി ബസിന്റെ ബ്രേക്ക് പൊട്ടി. വന്‍ ദുരന്തത്തിലേയ്ക്ക് വഴിവെയ്ക്കാന്‍ ഇരുന്ന അപകടം ഡ്രൈവറുടെയും കണ്ടക്ടറുടെയും ഇടപെടലിലാണ് വഴിമാറിയത്. ബ്രേക്ക് പൊട്ടി നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടപ്പെട്ട് പായുന്ന ബസിന്റെ മുന്‍പിലേയ്ക്ക് ഡ്രൈവറും കണ്ടക്ടറും എടുത്ത് ചാടുകയായിരുന്നു. പായുന്ന ബസിന്റെ അടിയിലേയ്ക്ക് കല്ലും കട്ടയും വെച്ച് ബസ് നിര്‍ത്തുകയായിരുന്നു.
ഇരുവരും സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് 75 യാത്രികരെ തിരികെ ജീവിതത്തിലേയ്ക്ക് കൊണ്ടു വന്നത്. ഇരുവരുടെയും സമയോചിതമായ ഇടപെടലില്‍ വന്‍ ദുരന്തമാണ് വഴിമാറിയത്. ആലപ്പുഴ-മധുര ദേശീയപാതയില്‍ കള്ളിപ്പാറയ്ക്കു സമീപം ഇന്നലെ രാവിലെ 7.35 നായിരുന്നു സംഭവം. 75 യാത്രക്കാരുമായി കട്ടപ്പനയില്‍ നിന്ന് ആനക്കട്ടിക്കു പോയ കട്ടപ്പന ഡിപ്പോലെ ഫാസ്റ്റ് പാസഞ്ചറിന്റെ ബ്രേക്കാണ് ഓട്ടത്തിനിടെ നഷ്ടപ്പെട്ടത്.
കുത്തിറക്കത്തിലെ വളവു തിരിഞ്ഞപ്പോഴാണ് ബ്രേക്ക് നഷ്ടപ്പെട്ടുവെന്നു ഡ്രൈവര്‍ അറിയുന്നത്. ഉടന്‍ തന്നെ ഹാന്‍ഡ് ബ്രേക്ക് വലിച്ചെങ്കിലും ബസ് നിന്നില്ല. തുടര്‍ന്ന് ബസിന്റെ 2 ഡോറും തുറന്ന ശേഷം കണ്ടക്ടറും യാത്രക്കാരും ചാടി പുറത്തിറങ്ങി. തുടര്‍ന്നാണ് ബസിന്റെ മുന്നില്‍ കല്ലും മറ്റും ഇട്ട് തടസ്സം സൃഷ്ടിച്ചു നിര്‍ത്തിയത്. ഡ്രൈവര്‍ സോണി ജോസിനെയും കണ്ടക്ടര്‍ സജി ജേക്കബിനെയും സോഷ്യല്‍മീഡിയ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി.
Discussion about this post