തിരുവല്ല: സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാതെ കീടനാശിനി തളിക്കുന്നതു മൂലം തൊഴിലാളികള്‍ക്ക് ഉണ്ടാകുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍. അവയെല്ലാം വകവെയ്ക്കാതെ നെല്‍പ്പാടങ്ങളിലേയ്ക്ക് ഇറങ്ങി തിരിക്കുകയാണ് തൊഴിലാളികള്‍. തൊലി വ്രണപ്പെടുന്നതോടൊപ്പം, ശരീരത്തിലെ തൊലി പോകുകയും ചുണ്ടുകള്‍ വീര്‍ത്തു പൊട്ടുക തുടങ്ങിയ അനവധി ആരോഗ്യ പ്രശ്‌നങ്ങളാണ് ഇവരെ അലട്ടുന്നത്. എന്നിട്ടും ഇവര്‍ ജോലിയ്ക്കായി ഇറങ്ങുകയാണ്. സുരക്ഷ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഗുണനിലവാരം കുറഞ്ഞ മാസ്‌കും കോട്ടും ധരിച്ച് കീടനാശിനി തളിക്കുന്നതാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നത്.
25 വര്‍ഷമായി തിരുവല്ലയില്‍ നെല്‍കൃഷിയ്ക്ക് കീടനാശിനി അടിക്കുന്ന സാംകുട്ടിയുടെ ദേഹത്ത് കീടനാശിനി വീണ് മുതുകിലെ തൊലി മുഴുവന്‍ പോയി. കോട്ട് ധരിച്ചാലും മുതുകില്‍ തൂക്കുന്ന ടാങ്കില്‍ നിന്ന് ലീക്ക് ചെയ്യുന്ന കീടനാശിനി തൊഴിലാളികളുടെ ദേഹത്തേക്ക് ഒലിച്ചിറങ്ങും. ഇതേ ശരീരവുമായാണ് സാം കുട്ടി വീണ്ടും നെല്‍പ്പാടത്തേക്കിറങ്ങുന്നത്. ഇത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കും. കീടനാശിനി പ്രയോഗം മൂലം ചുണ്ട് തടിച്ച് പൊട്ടിയാണ് ജസ്റ്റിന്റെ ജോലി.
മാസ്‌കും കോട്ടും നിര്‍ബന്ധമായും ധരിക്കണമെന്ന കൃഷി വകുപ്പിന്റെ നിര്‍ദ്ദേശം പാലിക്കാതെ നെല്‍പ്പാടത്തേക്കിറങ്ങുന്നവരുമുണ്ട്. സബ്‌സിഡി നിരക്കില്‍ ഇവ രണ്ടും ലഭ്യമാണെന്ന് കൃഷി വകുപ്പ് പറയുമ്പോഴും അറിവില്ലാത്തതിനാല്‍ ഗുണനിലവാരം കുറഞ്ഞവ വാങ്ങിയാണ് കര്‍ഷകര്‍ ഉപയോഗിക്കുന്നത്. പണിക്കൂലി കൂടുതല്‍ കിട്ടാന്‍ നിഷ്‌കര്‍ഷിച്ച സമയത്തില്‍ കൂടുതല്‍ ജോലി ചെയ്യുന്നതും ആരോഗ്യ പ്രശ്‌നങ്ങള്‍ ക്ഷണിച്ച് വരുത്താനിടയാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മരുന്ന് തളിക്കുന്നതിനിടെ രണ്ട് തൊഴിലാളികളും മരിച്ചിരുന്നു.
Discussion about this post