കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന് അര്ജുന്. അപകടം സംഭവിച്ച സമയത്ത് കാര്‍ ഓടിച്ചിരുന്നത് അര്ജുന് ആണെന്നായിരുന്നു ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. എന്നാല്‍ താനല്ല ബാലഭാസ്കര്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് അര്‍ജുന്റെ മൊഴി.
അര്ജുന് രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞിരുന്നു. എടിഎം മോഷ്ടിച്ച പ്രതികളെ സഹായിച്ചതിന് ഒറ്റപ്പാലം, ചെറുതുരുത്തി സ്റ്റേഷനുകളിലാണ് അര്‍ജുനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ തനിക്ക് നേരിട്ട് പങ്കില്ലെന്നാണ് അര്ജുന് പറയുന്നത്.
ബാലഭാസ്കറിനെ ബോധപൂര്‍വം വാഹനം ഇടിപ്പിച്ച് കൊല്ലുകയായിരുന്നെന്നായിരുന്നു എന്നാരോപിച്ച് അച്ഛന് പരാതി നല്‍കിയിരുന്നു. ഇതിന് കാരണം സാമ്പത്തിക ഇടപാടുകള്‍ ആണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍ ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയില്ലെന്ന് പോലീസ് പറയുന്നു.
‘ഈ പറയുന്ന കേസുകളില്‍ എനിക്ക് നേരിട്ട് ബന്ധമില്ല. അന്ന് എന്നെ കൂട്ടുകാര്‍ വിളിച്ചു കൊണ്ടുപോയതാണ്. പക്ഷേ അവര്‍ കുറ്റം ചെയ്തതിനെക്കുറിച്ചൊന്നും എനിക്ക് അറിയുമായിരുന്നില്ല. സംഭവം നടക്കുന്നത് നാല് കൊല്ലം മുന്‍പാണ്. ആ കേസ് ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണ്.
എനിക്ക് എന്റെ നിരപരാധിത്വം തെളിയിക്കണം. കൊല്ലം വരെ ഞാനാണ് വണ്ടി ഓടിച്ചിരുന്നത്. അത് കഴിഞ്ഞ് ഒരു കടയില്‍ കയറി ഞങ്ങള്‍ രണ്ടുപേരും ഷെയ്ക്ക് കുടിച്ചു. അതിന് ശേഷം സീറ്റില്‍ ചെന്നു കിടന്നു. ഞാന്‍ ഉറങ്ങിപ്പോയി. ബാലുചേട്ടനാണ് പിന്നെ വണ്ടി എടുത്തത്. പിന്നെ ബോധം വരുമ്പോള്‍ ഞാന്‍ ആശുപത്രിയില്‍ ആണ്. ലക്ഷ്മി ചേച്ചിയുടെ മൊഴിയാണ് പോലീസിനെ ആശയകുഴപ്പത്തില്‍ ആക്കിയത്. ബാലുചേട്ടന് കാര്‍ എടുക്കുന്ന സമയത്ത് ലക്ഷ്മി ചേച്ചി ഉറക്കത്തിലായിരുന്നു.
ഇത്തരം വാര്‍ത്തകള്‍ എന്റെ ജീവിതത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. എനിക്ക് ഇപ്പോഴും എണീറ്റ് നടക്കാറായിട്ടില്ല. എന്റെ ഇടത് കാലിലും അരയിലും കമ്പിയിട്ടിരിക്കുകയാണ്. തലയുടെ പിറകിലും താടിയിലും പരിക്കുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ കൂടി ഓപ്പറേഷന് ഉണ്ടായിരുന്നു. ബാലു ചേട്ടനെ പതിനാല് വര്‍ഷങ്ങളായി എനിക്ക് അറിയാം.
സെപ്റ്റംബര്‍ 25-നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് അപകടത്തില്‍പ്പെട്ടത്. തൃശ്ശൂരില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ കാര്‍ മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ ബാലഭാസ്ക്കറും മകള്‍ തേജസ്വിനിയും മരിച്ചു. ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
Discussion about this post