പത്തനംതിട്ട: ശബരിമല കര്‍മ്മ സമിതിയുടെ ധനസമാഹരണ പരിപാടിയായ ‘ശതം സമര്‍പ്പയാമി’യിലേക്കയച്ച പണം അക്കൗണ്ട് മാറി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയതു സംബന്ധിച്ച് കര്‍മ്മ സമിതി നിയമനടപടിക്ക് ഒരുങ്ങുന്നു.
സമരത്തില്‍ പങ്കെടുത്ത് ജയിലിലായവര്‍ക്ക് നിയമസഹായം നല്‍കാനായി തുടങ്ങിയ അക്കൗണ്ടിനു പകരം ചിലര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പര്‍ കര്‍മ്മസമിതിയുടെ പേരില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി.
ശബരിമല വിഷയത്തില്‍ പ്രക്ഷോഭത്തിനിറങ്ങി ജയിലിലായവര്‍ക്ക് നിയമസഹായം നല്‍കാനായാണ് ‘ധര്‍മ്മയോദ്ധാക്കള്‍ക്കൊരു സ്നേഹാശ്ലേഷം’ എന്ന പേരില്‍ ശബരിമല കര്‍മ്മസമിതി ‘ശതം സമര്‍പ്പയാമി’ എന്ന അപേക്ഷയുമായി വന്നത്.
അക്രമങ്ങളുടെ ഭാഗമായി ജയിലിലായവരെ സംരക്ഷിക്കാന്‍ നൂറു രൂപ സംഭാവന ചെയ്ത് അതിന്റെ സ്ക്രീന്‍ഷോട്ട് പ്രദര്‍ശിപ്പിക്കാനായിരുന്നു ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകയും ഹിന്ദു ഐക്യവേദി നേതാവുമായ കെപി ശശികളയുടെ ആഹ്വാനം.
കെ സുരേന്ദ്രന്റെയും കെപി ശശികലയുടെയും ഫോട്ടോയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറും ചേര്‍ത്ത് സിപിഎം അനുകൂല ഗ്രൂപ്പുകള്‍ മറു പ്രചാരണം ആരംഭിച്ചു എന്നാണ് പരാതി.
ഇത് കര്‍മ്മ സമിതി അക്കൗണ്ടാണെന്ന് തെറ്റിദ്ധരിച്ച് പലരും ദുരിതാശ്വാസ നിധിയിലേക്ക് പണം അയച്ചു. ഇത്തരത്തില്‍ കര്‍മ സമിതിക്കു കിട്ടേണ്ട രണ്ടു ലക്ഷത്തിലേറെ രൂപ ദുരിതാശ്വാസ നിധിയിലേക്ക് പോയെന്നും പരാതിയിലുണ്ട്. ധനാപഹരണവും വഞ്ചനയുമാണ് നടന്നതെന്നും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉടന്‍ പോലീസില്‍ പരാതി നല്‍കുമെന്നും കര്‍മ്മസമിതി നേതാക്കള്‍ പറഞ്ഞു.
Discussion about this post