‘നീയൊക്കെ കൂവി ചാവടാ, ഈ കവലയില്‍ വളര്‍ന്നവനാ ഞാന്‍, നീ ചന്തയാണെങ്കില്‍ ഞാന്‍ പത്ത് ചന്തയാ’; തന്നെ കൂവിയ സ്വന്തം നാട്ടുകാരോട് മാസ് ഡയലോഗുമായി പിസി ജോര്‍ജ്ജ്

ഈരാറ്റുപേട്ട ചേന്നാട്ട് കവലയില്‍ വോളിവോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനത്തിനെത്തിയപ്പോളാണ് നാട്ടുകാര്‍ പിസി ജോര്‍ജ്ജിനെ കൂവിക്കൊണ്ട് വരവേറ്റത്

ഈരാറ്റുപേട്ട: വോളിബോള്‍ ഉദ്ഘാടനത്തിനെത്തിയ തന്നെ കൂവിയ നാട്ടുകാരോട് മാസ് ഡയലോഗുമായി പിസി ജോര്‍ജ്ജ്. ഈരാറ്റുപേട്ട ചേന്നാട്ട് കവലയില്‍ വോളിവോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനത്തിനെത്തിയപ്പോളാണ് നാട്ടുകാര്‍ പിസി ജോര്‍ജ്ജിനെ കൂവിക്കൊണ്ട് വരവേറ്റത്. ഉദ്ഘാടനത്തിനായി പിസി ജോര്‍ജ് സംസാരിച്ച് തുടങ്ങിയപ്പോളാണ് കളികാണാനെത്തിയ നാട്ടുകാര്‍ കൂവല്‍ ആരംഭിച്ചത്.

നാട്ടുകാരുടെ കൂവല്‍ കാരണം പിസി ജോര്‍ജ്ജിന് സംസാരിക്കാന്‍ കഴിയാതെ വന്നു. ഇതോടെയാണ് നാട്ടുകാര്‍ക്കെതിരെ മാസ് ഡയലോഗുമായി പിസി ജോര്‍ജ്ജ് എത്തിയത്. ‘നീയൊക്കെ കൂവി ചാവടാ, ഈ കവലയില്‍ വളര്‍ന്നവനാ ഞാന്‍, എന്നെ കൂവി തോല്‍പിക്കാമെന്ന് നീ ഒന്നും കരുതേണ്ട, നീ ചന്തയാണെങ്കില്‍ ഞാന്‍ പത്ത് ചന്തയാ, നിന്നെയൊക്കെ കണ്ട് പേടിച്ച് പോകുന്നവനല്ല ഞാന്‍. ഈ കരയില്‍ വളര്‍ന്നവനാ ഞാന്‍. മനസിലായില്ലേ നീ കൂവിയാല്‍ പത്തായിട്ട് കൂവാന്‍ എനിക്കാവും. വൃത്തികെട്ടവമ്മാര്‍, കൂവിയാ ഞാനും കൂവും. മര്യാദ വേണ്ടേ ആള്‍ക്കാര്‍ക്ക്.. കൂവി കഴിഞ്ഞാല്‍ ഈ കളി ഉദ്ഘാടനം ചെയ്തതായി ഞാന്‍ പ്രഖ്യാപിക്കുന്നു’ എന്നായിരുന്നു പിസിയുടെ മാസ് ഡയലോഗ്.

ഇത് ആദ്യമായിട്ടല്ല സ്വന്തം നാട്ടുകാരുടെ അവഹേളനം പിസി ജോര്‍ജ്ജിന് ഏല്‍ക്കേണ്ടി വരുന്നത്. ഇതിനു മുന്‍പ് പൂഞ്ഞാര്‍ പെരിങ്ങുളം റോഡ് ആധുനീക രീതിയില്‍ പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിനിടെ പിസി ജോര്‍ജ്ജിന് നേരെ നാട്ടുകാര്‍ ചീമുട്ടയെറിഞ്ഞിരുന്നു.

Exit mobile version