താനൂര്‍: കേരളത്തെ ഒന്നടങ്കം ഭയപ്പെടുത്തിയ മഹാപ്രളയത്തിനിടെ മുതുക് ചവിട്ടുപടിയാക്കി രക്ഷാപ്രവര്‍ത്തനം നടത്തിയ താനൂരിലെ മത്സ്യത്തൊഴിലാളി ജെയ്സലിന് കാര്‍ണിവല്‍ ഗ്രൂപ്പ് ഫൈബര്‍ ബോട്ടും എന്‍ജിനും നാളെ സമര്‍പ്പിക്കുന്നു. വൈകിട്ട് 5.30ന് താനൂര്‍ തൂവല്‍തീരത്ത് നടക്കുന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെടി ജലീലാണ് ജെയ്സിലിന് ബോട്ട് സമര്‍പ്പണം നടത്തുക.
പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ അനുഗൃഹപ്രഭാഷണവും മുഖ്യപ്രഭാഷണവും നടത്തും. എംഎല്‍എമാര്‍, മുന്‍ എംഎല്‍എമാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. മലപ്പുറം ട്രോമ കെയറിന്റെ കീഴിലാണ് ദുരിതത്തിലകപ്പെട്ടവര്‍ക്കുള്ള രക്ഷാ പ്രവര്‍ത്തനത്തിനായി ജെയ്സല്‍ ഇറങ്ങിയത്. താനൂരില്‍ മത്സ്യ തൊഴിലാളിയാണ് ഇദ്ദേഹം.രക്ഷാപ്രവര്‍ത്തനത്തിനിടെ വേങ്ങര മുതലമാട് എന്ന സ്ഥലത്ത് നിന്നാണ് ജെയ്സല്‍ വൃദ്ധരും ഗര്‍ഭിണികളുമായ സ്ത്രീകള്‍ക്കായി മുതുക് ചവിട്ടുപടിയാക്കിയത്.
നൂറ്റിയമ്പത് പേരെയാണ് തൃശ്ശൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ജെയ്സലും സംഘവും ജീവിതത്തിലേക്ക് തിരികെ കൂട്ടിക്കൊണ്ട് വന്നത്.
Discussion about this post