ഇടുക്കി: കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളുയര്‍ത്തി ഇടുക്കി ജില്ലയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷക രക്ഷായാത്രക്ക് തുടക്കമായി. മറയൂരില്‍ നിന്നാരംഭിച്ച യാത്ര പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഇടുക്കി ഡിസിസി അധ്യക്ഷന്‍ ഇബ്രാഹിംകുട്ടി കല്ലാര്‍ നയിക്കുന്ന കര്‍ഷക രക്ഷായാത്രയിലൂടെ ജില്ലയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുക കൂടിയാണ് കോണ്‍ഗ്രസ്.
അതിര്‍ത്തി ഗ്രാമമായ മറയൂര്‍ കോവില്‍ കടവില്‍ വെച്ച് കര്‍ഷക രക്ഷായാത്രയുടെ ഫ്ളാഗ് ഓഫ് ചെയ്ത രമേശ് ചെന്നിത്തല കര്‍ഷകരെ ദ്രോഹിക്കുന്ന നയങ്ങളാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേതെന്നും പ്രളയത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് ആറ് മാസമായിട്ടും സഹായമെത്തിക്കാന്‍ ഇരുവര്‍ക്കുമായില്ലെന്നും കുറ്റപ്പെടുത്തി.
അതേ സമയം കര്‍ഷകരുടെ പേരുപറഞ്ഞ് പാര്‍ലമെന്റില്‍ പോയ ജോയ്സ് ജോര്‍ജ് എംപി അവര്‍ക്കായി ഒന്നും ചെയ്തില്ലെന്നും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലാണ് ഇഎസ്എ പരിധി കുറച്ചുകൊണ്ടുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ഭേദഗതിക്ക് ഇടയാക്കിയതെന്നും ചെന്നിത്തല അവകാശപ്പെട്ടു. ഒരാഴ്ച നീളുന്ന കര്‍ഷകരക്ഷാ യാത്ര 26ന് വണ്ണപ്പുറത്ത് സമാപിക്കും.
Discussion about this post