തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ട് ബിജെപി നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ബിജെപി സെക്രട്ടേറിയേറ്റ് നടയില്‍ നടത്തിവന്ന നിരാഹാരസമരം വേണ്ടത്ര ഫലം കാണാതെ വന്നതോടെയാണ് അവസാനിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനമെടുത്തത്.
എന്നാല്‍ പെട്ടെന്ന് സംഘടിപ്പിച്ച പരിപാടിയാണെങ്കിലും സമരം അവസാനിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാതെ വി മുരളീധരന്‍ എംപിയും ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും പാര്‍ട്ടിയിലെ പൊട്ടിത്തെറി പരസ്യമാക്കിയിരിക്കുകയാണ്. മറ്റ് പ്രമുഖ സംസ്ഥാന നേതാക്കളെല്ലാം പങ്കെടുത്തപ്പോഴും ഇവരുടെ അസാന്നിധ്യമാണ് ചര്‍ച്ചയായത്.
സംഘപരിവാര്‍ സംഘടനയായ കര്‍മ്മസമിതിയുടെ പ്രതിഷേധത്തിലേക്ക് ശബരിമല സമരം കേന്ദ്രീകരിച്ചതും ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാനാകാതെ പോയതും സമരത്തിനോടു പാര്‍ട്ടിയിലെ മുരളീധര പക്ഷത്തിനു താല്‍പര്യമില്ലാത്തതും സെക്രട്ടറിയേറ്റ് സമരത്തിനുവന്‍ തിരിച്ചടിയാണുണ്ടാക്കിയത്. ചിത്തിര ആട്ടവിശേഷത്തിനിടെ സന്നിധാനത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സുരേന്ദ്രന്‍ അറസ്റ്റിലായതും, ഈ സമയത്ത് സംസ്ഥാന ഘടകമെടുത്ത നിലപാടിലും മുരളീധര പക്ഷത്തിന് വിയോജിപ്പുണ്ടായിരുന്നു.
അതേസമയം, ശബരിമല നടയടച്ച സാഹചര്യത്തിലാണ് 49 ദിവസമായി ബിജെപി സെക്രട്ടേറിയേറ്റ് നടയില്‍ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചത്. സമരം തുടരുമെന്നും ശബരിമല നട തുറക്കുന്ന ദിവസമായ കുഭം ഒന്നിനു ഉപവാസ സമരം നടത്തുമെന്നും പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
നിലവില്‍ നിരാഹാരം കിടക്കുന്ന പികെ കൃഷ്ണദാസിന് ഗാന്ധിയന്‍ പി ഗോപിനാഥന്‍ നായര്‍ നാരങ്ങാനീരു നല്‍കിയാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.