ബാലുശ്ശേരി: അങ്കണവാടിയില്‍ കുട്ടികള്‍ക്കായി പായസം വെയ്ക്കാന്‍ എടുത്ത ശര്‍ക്കര കടുംചുവപ്പില്‍ കാണപ്പെട്ടു. വകവെയ്ക്കാതെ പായസം വെച്ചു കഴിഞ്ഞപ്പോള്‍ പായസത്തിനും നിറം മാറ്റം. ഇതോടെ ശര്‍ക്കരയില്‍ കൂടിയ മായം കലര്‍ന്നിട്ടുണ്ടെന്ന് വ്യക്തമായി. കുട്ടികള്‍ക്ക് പായസം നല്‍കരുതെന്നും ശര്‍ക്കര ഉപയോഗം ഉടനടി നിര്‍ത്തിവെയ്ക്കാനും അധികൃതര്‍ ഉത്തരവിറക്കി.
വനിതാശിശുവികസനവകുപ്പ് ബാലുശ്ശേരി അഡീഷണല്‍ പ്രോജക്ടില്‍ ഉള്‍പ്പെട്ട നടുവണ്ണൂര്‍ പഞ്ചായത്തിലെ രണ്ടാംനമ്പര്‍ അങ്കണവാടിക്ക് നല്‍കിയ ശര്‍ക്കരയിലാണ് നിറവ്യത്യസം കണ്ടത്. തുടര്‍ന്ന് ജില്ലയിലെ എല്ലാ അങ്കണവാടികളിലും ശര്‍ക്കര ഉപയോഗം തത്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ജില്ലാപ്രോഗ്രാം ഓഫീസര്‍ ടി. അഫ്‌സത്ത് നിര്‍ദേശം നല്‍കുകയായിരുന്നു.
കൊയിലാണ്ടി സിവില്‍ സപ്ലൈസ് മുഖേനയാണ് നടുവണ്ണൂര്‍പഞ്ചായത്തിലെ അങ്കണവാടികളില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാറുള്ളത് കളക്ടര്‍, ഫുഡ് സേഫ്റ്റി അസി.കമ്മിഷണര്‍ എന്നിവരുമായി ബന്ധപ്പെട്ടശേഷമാണ് ശരക്കര ഉപയോഗം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് ജില്ലാ പ്രോഗ്രാംഓഫീസര്‍ അറിയിച്ചു.