വീണ്ടും പ്ലാച്ചിമട ലക്ഷമിട്ട് കൊക്കക്കോള..! ഇത്തവണ പഴച്ചാര്‍ സംഭരണ കേന്ദ്രമടങ്ങിയ ഫുഡ് പാര്‍ക്ക്, ആശങ്കയില്‍ നാട്ടുകാര്‍

പാലക്കാട്: 14 വര്‍ഷത്തിന് ശേഷം വീണ്ടും പ്ലാച്ചിമടയില്‍ കണ്ണുവെച്ച് കൊക്കക്കോള കമ്പനി. ഭൂഗര്‍ഭ ജല ചൂഷണം നടന്നതിനെത്തുടര്‍ന്നാണ് പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനി അടച്ചുപൂട്ടുന്നത്. പുതിയ നീക്കത്തിന്റെ ഭാഗമായി കാടുപിടിച്ചു കിടക്കുകയായിരുന്ന 34 ഏക്കര്‍ വരുന്ന ഫാക്ടറി പരിസരം വെട്ടിത്തെളിച്ച് വൃത്തിയാക്കിത്തുടങ്ങി.

അതേസമയം ഇത്തവണ ശീതള പാനീയമായ കൊക്കക്കോളയ്ക്ക് പകരം മാങ്ങയില്‍ നിന്നുള്‍പ്പെടെ പഴച്ചാര്‍ സംസ്‌കരണ സംഭരണ കേന്ദ്രമെന്ന ആശയമാണ് കമ്പനി മുന്നോട്ട് വക്കുന്നത്. എന്നാല്‍ ഇത് കൊക്കക്കോള വിവാദമായിരുന്ന കാലത്ത് തന്നെ മുന്നോട്ട് വെച്ച ആശയമായിരുന്നു. ജലചൂഷണം നടക്കുമെന്ന ആശങ്കയില്‍ പദ്ധതി വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇപ്പോള്‍ പഴയ ആശയം പൊടി തട്ടി എടുത്ത് ഫുഡ്പാര്‍ക്കിന് കളമൊരുങ്ങുന്നതായാണ് വിവരം.

എന്നാല്‍ പുതിയ കമ്പനിക്കായുള്ള അനുമതിക്കായി കമ്പനി അധികൃതര്‍ സമീപിച്ചിട്ടില്ലെന്നാണ് പെരുമാട്ടി ഗ്രാമ പഞ്ചായത്ത് പറയുന്നത്. കുടിവെളളമുപയോഗിച്ചുളള ഒരു വ്യവസായവും ഇവിടെ ഇനി അനുവദിക്കില്ലെന്നാണ് പഞ്ചായത്തിന്റെ നിലപാട്. തത്ക്കാലം പുതിയ പദ്ധതികളില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

Exit mobile version