തിരുവനന്തപുരം: കേരളത്തിന്റെ പ്രളയാനന്തര പുനരധിവാസത്തിനായി ഇറങ്ങിത്തിരിച്ച മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിനേയും ദുരിതാശ്വാസനിധിയിലേക്ക് പണമയക്കുന്നവരേയും നിരുത്സാഹപ്പെടുത്താന്‍ തുനിഞ്ഞിറങ്ങിയ സംഘപരിവാറിന് കാലം കാത്തുവെച്ചത് എട്ടിന്റെ പണി. ശബരിമല പ്രക്ഷോഭങ്ങളില്‍ ആക്രമണം അഴിച്ചുവിട്ട് ജയിലിലായ സംഘപ്രവര്‍ത്തകരെ പുറത്തിറക്കാനായി ആരംഭിച്ച ശതം സമര്‍പ്പയാമി എന്ന സോഷ്യല്‍മീഡിയ ചലഞ്ച് സംഘപരിവാരത്തിനെ തിരിഞ്ഞുകൊത്തിയിരിക്കുകയാണ്. ട്രോളുകളിലൂടെ പരിഹസിച്ചുകൊണ്ട് സോഷ്യല്‍മീഡിയയും ക്യാംപെയ്ന് വലിയ ആഘോഷമാക്കിയിരുന്നു.
പിന്നാലെ ശതംസമര്പ്പയാമി ധര്‍മ്മയോദ്ധാക്കള്‍ക്ക് ഒരു സ്നേഹാശ്ലേഷം എന്ന ക്യാംപെയിന് വിജയിപ്പിക്കാന്‍ സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് വ്യാപകമായി ഷെയര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന അക്കൗണ്ട് നമ്പറിലേക്ക് പണമയക്കലും ത്വരിതമാക്കി. പക്ഷെ, പണം പോയതാകട്ടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സിഎംഡിആര്‍എഫ്)ആയിരുന്നു! ഷെയര്‍ ചെയ്യപ്പെട്ട പല പോസ്റ്റുകളിലും കര്‍മ്മസമിതിയുടെയും മറ്റ് സംഘപരിവാര്‍ സംഘടനകളുടെയും അക്കൗണ്ട് നമ്പറിന് പകരം സിഎംഡിആര്‍എഫ് നമ്പര്‍ കൊടുത്ത് ചില വിരുതന്മാര് ഒപ്പിച്ച പണിയാണ് സംഘികള്‍ക്ക് പാരയായത്. ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറും കെ സുരേന്ദ്രന്, കെപി ശശികല എന്നിവരുടെ ഫോട്ടോകള്‍ക്കൊപ്പം അയ്യപ്പന്റെ ചിത്രമുള്ള പോസ്റ്ററും പ്രചരിച്ചതോടെയാണ് സംഘപരിവാറില്‍ പലര്‍ക്കും പണം നഷ്ടമായത്. കൂടുതല്‍ അന്വഷണങ്ങള്‍ക്ക് തുനിയാതെ സംഘപ്രവര്‍ത്തകരെ പുറത്തിറക്കാന്‍ പണമയച്ച മിക്കവര്‍ക്കും എട്ടിന്റെ പണിയാണ് കിട്ടിയതും.
പ്രളയകാലത്ത് ഇടഞ്ഞുനിന്നവര്ക്ക് ഒടുവില്‍ സര്‍ക്കാരിലേക്ക് തന്നെ പണമയക്കേണ്ടി വന്ന അവസ്ഥയെ ട്രോളുകയാണ് മിക്കവരും. ഒപ്പം സംഘപരിവാറിന്റെ ക്യാംപെയിന് മറുപടി എന്നോണം മറ്റൊരു ക്യാംപെയ്നും ആരംഭിച്ചിട്ടുണ്ട്. ഇതും സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. ‘ശതം സമര്‍പ്പയാമി’ ക്യാംപെയ്ന് തന്നെയാണ് ഇതും. സിഎംഡിആര്‍എഫിലേക്ക് ഓണ്‍ലൈനായി നൂറുരൂപ സംഭാവന നല്‍കുകയും അപ്പോള്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത് മറ്റുള്ളവരെ ചലഞ്ച് ചെയ്യുന്നതാണ് ക്യാംപെയിന്. ഇതുവന്‍ വിജയമാണെന്നാണ് സൂചന. ശനിയാഴ്ച മാത്രമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി എത്തിയത് 3.41 ലക്ഷം രൂപയാണെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. സിഎംഡിആര്‍എഫ് പോര്‍ട്ടല്‍ വഴിമാത്രം വന്ന കണക്കാണിത്.
ഏതായാലും, കെ സുരേന്ദ്രന് അടക്കമുള്ളവര്‍ ഇതിനെ ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. എങ്കിലും, പ്രളയകാലത്ത് പണം കൊടുക്കരുതെന്ന് പ്രചാരണം നടത്തുകയും ഇപ്പോള്‍ ക്രിമിനലുകളായവര്ക്ക് വേണ്ടി പണപ്പിരിവിനിറങ്ങുകയും ചെയ്യുന്ന സംഘപരിവാറിനെ ട്രോളിക്കൊണ്ട് ക്യാംപെയ്ന് തകൃതിയായി നടക്കുകയാണ് സോഷ്യല്‍മീഡിയയില്‍.
Discussion about this post