കോഴിക്കോട്: എയര്‍ ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഒഴിവുകാലം കണക്കാക്കി വിമാനനിരക്ക് നാലും അഞ്ചും ഇരട്ടിയക്കി പ്രവാസികളെ കൊള്ളയടിക്കാന്‍ നേതൃത്വം നല്‍കുന്നത് എയര്‍ ഇന്ത്യയാണെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. കോഴിക്കോട് വെച്ച് നടന്ന കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി എയര്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ചത്.
പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ കാര്യക്ഷമമല്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രവാസികളുടെ മൃതദേഹം തൂക്കി നോക്കി വിലയിടുന്ന എയര്‍ഇന്ത്യയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
അടിസ്ഥാനസൗകര്യ വികസനത്തില്‍ പ്രവാസികളെ ഉള്‍പ്പെടുത്തിയുള്ള നിക്ഷേപത്തിന് സംസ്ഥാനസര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന കാര്യവും ചടങ്ങില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസി ക്ഷേമത്തിനായി കണ്‍സോര്‍ഷ്യം രൂപീകരിക്കണമെന്ന ആവശ്യം കേന്ദ്രം അവഗണിക്കുകയാണെന്ന കാര്യവും മുഖ്യമന്ത്രി ചടങ്ങില്‍ ചൂണ്ടിക്കാട്ടി.
Discussion about this post