കോട്ടയം: നൂറില്‍ 99.99 മാര്‍ക്ക് നേടി സിബിഎസ്ഇ ജെഇഇ പരീക്ഷയില്‍ കേരളത്തിലെ ടോപ്പ് സ്‌കോറര്‍ ആയിരിക്കുകയാണ് വിഷ്ണു വിനോദ്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ജെഇഇ മെയിന്‍ പരീക്ഷാ ഫലം പുറത്ത് വന്നത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ആണ് പരീക്ഷ നടത്തിയത്.
കോട്ടയം മാന്നാനത്തെ എഇ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് വിഷ്ണു. പരീക്ഷയില്‍ 99.9990801 ശതമാനമാണ് വിഷ്ണുവിന്റെ മാര്‍ക്ക്. കെമിസ്ട്രിയില്‍ മുഴുവന്‍ മാര്‍ക്കും നേടിയപ്പോള്‍ കണക്കിലും ഫിസിക്സിലും മാര്‍ക്ക് അല്‍പ്പമൊന്ന് കുറഞ്ഞതാണ് നൂറ് ശതമാനം നഷ്ടമാക്കിയത്.
മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം കിട്ടണമെന്ന ലക്ഷ്യത്തോടെയാണ് ഏലം കര്‍ഷകനായിരുന്ന വിഷ്ണുവിന്റെ പിതാവ് അണക്കര ശങ്കരമംഗലം വിനോദ് കുമാര്‍ ഇടുക്കി ജില്ലയുടെ പരിമിതികളില്‍ നിന്ന് കുടുംബസമേതം കോട്ടയത്തേക്ക് താമസം മാറ്റിയത്. പ്ലസ് വണ്ണിന് വിഷ്ണുവിനെ മാന്നാനം കെഇ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേര്‍ത്തു. അവിടെത്തന്നെ പാലാ ബ്രില്യന്റ് അക്കാഡമിയുടെ റസിഡന്‍ഷ്യല്‍ പ്രോഗ്രാമിലും ചേര്‍ന്നു. ദിവസവും 12 മണിക്കൂറാണ് പഠനത്തിനായി ചെലവിട്ടത്. ചിട്ടയായ പരിശീലനവും കഠിനാദ്ധ്വാനവും മാതാപിതാക്കളുടെ പിന്തുണയും ഒത്തുചേര്‍ന്നപ്പോള്‍ വിഷ്ണു സുവര്‍ണ നേട്ടം സ്വന്തമാക്കി.
മകന്റെ നേട്ടത്തില്‍ അഭിമാനമുണ്ടെന്ന് പിതാവ് വിനോദ് കുമാര്‍ പറഞ്ഞു. അമ്മ ചാന്ദ്നിയും മകന്റെ പഠനത്തിന് സഹായിയായി. കെഇ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയായ സഹോദരന്‍ വിശ്വനാഥും ചേട്ടന്റെ വിജയത്തില്‍ ആഹ്ലാദത്തിലാണ്. ഐഐടിയില്‍ ചേര്‍ന്ന് കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കാനാണ് ആഗ്രഹമെന്ന് വിഷ്ണു പറഞ്ഞു. കഴിഞ്ഞ വര്‍ഷം കേന്ദ്ര ശാസ്ത്ര സാഹിത്യ മന്ത്രാലയം നടത്തിയ സ്‌കോളര്‍ഷിപ്പ് പരീക്ഷയിലും വിഷ്ണു വിജയിച്ചിരുന്നു.