കൊച്ചി: മുനമ്പത്തെ മനുഷ്യക്കടത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്.
ജനുവരി 12 ന് പുലര്‍ച്ചെ മുനമ്പത്തുനിന്നും പുറപ്പെട്ട ദയാമാത–2 എന്ന മല്‍സ്യബന്ധന ബോട്ടില്‍ പോയ സംഘത്തില്‍ 200ഓളം പേരുണ്ടായിരുന്നതായാണ് സൂചന. ബോട്ടില്‍ കയറാനാകാത്ത വിധം ആളുടെ എണ്ണം കൂടിയതിനാലാണ് തിരികെ പോന്നതെന്ന് ഡല്‍ഹിയില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത് ആലുവയിലെത്തിച്ച് ചോദ്യം ചെയ്യുന്ന ദീപക് എന്ന പ്രഭു പറയുന്നത്.
കയറിപ്പറ്റാന്‍ കഴിയാത്തവിധം സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ള സംഘമുണ്ടായിരുന്നുവെന്നും തന്റെ ഭാര്യയെയും കുട്ടിയെയും ബോട്ടില്‍ കയറ്റി അയച്ചു. ഭക്ഷണവും വസ്ത്രവും ഉള്‍പ്പെടെയുള്ള 71 ബാഗുകള്‍ ഉപേക്ഷിക്കേണ്ടി വന്നത് അതിനാലാണെന്നുമാണ് പ്രഭു മൊഴി നല്‍കിയത്. ആലുവ റൂറല്‍ എസ്പി രാഹുല്‍ ആര് നായരുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ബോട്ടില്‍ പോകാനെത്തിയവര്‍ ഓസ്ട്രേലിയയിലേക്ക് വിളിച്ചതിന്റെ ഫോണ്‍ രേഖകള്‍ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ വിളിയുടെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്നാണ് പോലീസ് നിഗമനം.
മനുഷ്യകടത്തിന്റെ പിന്നില്‍ ആരെല്ലാമായിരുന്നുവെന്നും ബോട്ടില്‍ എവിടെ നിന്നുള്ളവാരാണെന്നും മറ്റുമുള്ള കാര്യങ്ങള്‍ പ്രഭു വ്യക്തമാക്കിയിട്ടില്ല. ദീപക് എന്നയാളും പ്രഭുവും ഒരാള്‍ തന്നെയാണെന്നാണ് നിഗമനം. ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകുന്നതിനുള്ള തുക തികയാത്തവരെ ബോട്ടില്‍ നിന്നും ഇറക്കി വിട്ടതായും അത്തരത്തില്‍ തിരികെ പോന്നവരുടെ കൂടെയാകും പ്രഭുവും എത്തിയതെന്നാണ് പോലീസ് കരുതുന്നത്. ഇയാള്‍ ഓസ്ട്രേലിയയിലേക്കുള്ള സംഘാംഗമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആളുകളെ സംഘടിപ്പിച്ച ഏജന്റാണോയെന്നും പരിശോധിക്കും.
ഓസ്ട്രേലിയയിലേക്ക് പോയ സംഘത്തിലെ ഓരോരുത്തരില്‍ നിന്നും ഒന്നര ലക്ഷം രൂപ മുന്‍കൂറായി വാങ്ങിയെന്നാണ് സൂചന. ഡല്‍ഹിയില്‍ അംബേദ്കര്‍ കോളനി കേന്ദ്രീകരിച്ച് മനുഷ്യകടത്ത് സംഘം 200 ഓളം പേരില്‍ നിന്നായി കോടികള്‍ വാങ്ങി. ഇവിടെ പരിശോധന നടത്തിയ അന്വേഷണ സംഘം സംശയമുള്ള നിരവധിപേരെ ചോദ്യം ചെയ്ത് വിട്ടയച്ചു.
ശ്രീലങ്കന്‍ അഭയാര്‍ഥികളും തമിഴ് വംശജരും തിങ്ങി പാര്‍ക്കുന്ന കോളനിയില്‍ കൊടുംകുറ്റവാളി സംഘങ്ങളുടെ ആധിപത്യമാണ്. ഡല്‍ഹി പോലീസിനും ഈ പ്രദേശത്ത് കയറാന്‍ കഴിഞ്ഞിട്ടില്ല. പ്രത്യേക അന്വേഷണ സംഘത്തിലെ ഒരു വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രഭുവിനെ കസ്റ്റഡിയിലെടുത്ത് ശനിയാഴ്ച കൊച്ചിയിലെത്തിച്ചത്.
മുനമ്പം സ്വദേശിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ദയാമാത–2 ബോട്ട് 2017ലാണ് നിര്‍മിച്ചത്. 30 ദിവസംവരെ കടലില്‍ സഞ്ചരിക്കാവുന്നവിധമുള്ള സജ്ജീകരണങ്ങളോടെയാണ് ബോട്ട് നിര്‍മിച്ചിട്ടുള്ളത്. ബോട്ട് വില്‍പ്പന നടത്തിയെങ്കിലും ഉടമാവകാശം ഇപ്പോഴും മുനമ്പം സ്വദേശിയുടെ പേരില്‍തന്നെയാണ്. 1.20 കോടിക്ക് വില്‍ക്കുകയായിരുന്നു. ബോട്ട് വാങ്ങിയ അനില്‍കുമാറിനെ നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു. തമിഴ്നാട് സ്വദേശി ശ്രീകാന്തന്, തിരുവള്ളൂര്‍ സ്വദേശി രവി എന്നിവരാണ് മനുഷ്യകടത്തിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്.
Discussion about this post