പന്തളം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതി വിധിയോട് പ്രതിഷേധിച്ച് സ്ത്രീകളെയും കുട്ടികളെയും ഇറക്കിയുള്ള സംഘപരിവാറിന്റെ കുടില്‍ കെട്ടിയുള്ള രാപ്പകല്‍ സമരത്തിന് മറുപടി നല്‍കാനൊരുങ്ങി സിപിഎം.
സ്ത്രീകളെ മുന്‍നിര്‍ത്തി തന്നെ പ്രതിരോധം തീര്‍ക്കാനാണ് പാര്‍ട്ടി ശ്രമം. ശബരിമല സ്ത്രീ പ്രവേശവിഷയത്തില്‍ ഹിന്ദുസംഘടനകളുടെ സമരങ്ങളില്‍ സ്ത്രീപങ്കാളിത്തം സജീവമായ സാഹചര്യത്തിലാണ് ഇത്. പത്തനംതിട്ട ജില്ലയില്‍ തുടക്കമിടുന്ന വനിതാസംഗമം മറ്റ് ജില്ലകളിലും നടത്തും. കുടുംബശ്രീ പ്രവര്‍ത്തകരോട് വനിതാ സംഗമത്തില്‍ പങ്കെടുക്കാന്‍ സിപിഎം നിര്‍ദ്ദേശം നല്‍കി.
പന്തളംകോട്ടാരം നടത്തിയ നാമജപഘോഷയാത്രയിലും തുടര്‍ന്ന് ഹിന്ദുസംഘടനകള്‍ നടത്തിയ പ്രതിഷേധങ്ങളിലുമെല്ലാം വനിതാപങ്കാളിത്തം സജീവമായിരുന്നു. സ്ത്രീകളെ മുന്‍നിര്‍ത്തി ശബരിമലവിഷയത്തില്‍ ഹിന്ദുസംഘടനകള്‍ മുതലെടുപ്പ് നടത്തുന്നതിന് തടയിടാനാണ് സിപിഎം വനിതാസംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ന് പത്തനംതിട്ട ജില്ലയില്‍ ജനാധിപത്യമഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന വനിതാസംഗമം സിപിഎം കേന്ദ്രകമ്മറ്റി അംഗം പികെ ശ്രീമതി ഉദ്ഘാടനംചെയ്യും. മറ്റ് ജില്ലകളിലും ജനാധിപത്യമഹിളാ അസോസിയേഷനെ മുന്‍നിര്‍ത്തി സിപിഎം വനിതാസംഗമത്തിലൂടെ പ്രതിരോധം തീര്‍ക്കും. കോടതി വിധി എന്ത് തന്നെയായാലും മാനിക്കുമെന്ന് ഉറച്ച് തന്നെയാണ് സര്‍ക്കാര്‍ നീക്കം.