തൊടുപുഴ: സ്ത്രീകളുടെ പ്രായം നോക്കുന്ന യന്ത്രമൊന്നും ആരുടെയും കൈയ്യില്‍ ഇല്ലെന്ന് മന്ത്രി എംഎം മണി. ശബരിമല ദര്‍ശനം നടത്തിയ യുവതികളുടെ കണക്കില്‍ തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ പുനഃപരിശോധിച്ച് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി പറയുകയായിരുന്നു അദ്ദേഹം.
ശബരിമല ദര്‍ശനം നടത്തിയ യുവതികളുടെ കണക്ക് സംബന്ധിച്ച് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ തെറ്റുകള്‍ ഉണ്ടായതോടെ വിവാദം ഉടലെടുത്തിരുന്നു. 51 ഒന്ന് യുവതികള്‍ കയറിയെന്നാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉള്ളത്. എന്നാല്‍ പട്ടികയില്‍ ഉള്ള മൂന്ന് പേര്‍ പുരുഷന്മാര്‍ ആണെന്നും 50 വയസ്സില്‍ കൂടുതലുള്ള സ്ത്രീകള്‍ ഉണ്ടെന്നും തെളിഞ്ഞിരുന്നു. സംഭവം വിവാദമായതൊടെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
എന്നാല്‍, സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ശബരിമലയിലെത്തിയ യുവതികളുടെ പട്ടികയില്‍ സര്‍ക്കാര്‍ ആരുടേയും പേര് എഴുതി ചേര്‍ത്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഓണ്‍ലൈന്‍ വഴി എത്തിയവരുടെ വിവരങ്ങളാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചതെും കോടിയേരി കൂട്ടിച്ചേര്‍ത്തു.