തൃശ്ശൂര്‍; ടൂറിസ്റ്റ് ബസ്സ് വ്യവസായത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നുനവെന്ന് ആരോപിച്ച്
കേരളത്തിലെ ടൂറിസ്റ്റ് ബസ് തൊഴിലാളി സംഘടനയായ കെടിബിസി സമരത്തിലേക്ക്. ഇരുപതിനായിരത്തിലധികം തൊഴിലാഴികളുടെ ജീവിത മാര്‍ഗമായ ഈ പ്രസ്ഥാനത്തെ ചിലര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സംഘടനയുടെ ആരോപണം.
മുന്‍പ് എല്‍ഇഡി ലൈറ്റുകളും, കാതടപ്പിക്കുന്ന ശബ്ദ സാങ്കേതികവിദ്യകളും കൂടുതലാണെന്നു പറഞ്ഞ് ടൂറിസ്റ്റ് ബസ്സുകള്‍ക്ക് മൂക്കുകയറിട്ടു. എന്നാല്‍ ഇപ്പോള്‍ നിരത്തിലിറങ്ങുന്ന ബസ്സുകളില്‍ സിനിമാ താരങ്ങളുടെ ചിത്രം വരച്ചു എന്ന കാരണത്താല്‍ ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരെ കഴിഞ്ഞാണിടാന് ഒരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.
നാല്പതിനായിരം രൂപ മൂന്നുമാസത്തില്‍ ടാക്സും, വര്‍ഷംതോറും
ഇന്‍ഷുറന്‍സ് ക്ഷേമനിധി ഉള്‍പ്പെടെ ഭീമമായ തുക അടയ്ക്കുന്ന ടൂറിസ്റ്റ് ബസ് പ്രസ്ഥാനത്തെ ഇല്ലാതാക്കുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.
ലൈറ്റ്, സൗണ്ട് തുടങ്ങിയവ ബസ്സില്‍ നിന്നും ഒഴിവാക്കിയപ്പോള്‍ തന്നെ ടൂറിസ്റ്റ് ബസ്സിലെ വരുമാനത്തില്‍ ഗണ്യമായ കുറവാണ് വരുന്നത്. ലക്ഷങ്ങള്‍ മുടക്കി നിരത്തിലിറക്കിയ ബസ്സുകളില്‍ ഓട്ടം കുറഞ്ഞത് കാരണം വില്‍ക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍. കോണ്‍ട്രാക്ട് ക്യാരിയേജ് പെര്‍മിറ്റ് ഉള്ള ബസ്സുകള്‍ക്ക് ലൈറ്റുകളും സബ് വൂഫറുകളും ഒഴിവാക്കിയതു കാരണം വന്‍ തിരിച്ചടിയാണ് നേരിടുന്നത്.
അതിനു പിന്നാലെയാണ് ബസ്സിന്റെ പുറമെ ചിത്രങ്ങള്‍ വരയ്ക്കുന്നതിനെതിരെ പുതിയ നിയമം കൊണ്ടു വരുന്നത്. ലക്ഷങ്ങള്‍ മുടക്കി ചെയ്ത മിനുക്ക് പണികള്‍ പെട്ടെന്ന് നീക്കണമെന്നുള്ള നിയമം വരുമ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ് പല ഉടമകളുടേയും. എന്നാല്‍ അതിലും കഷ്ടമാണ് ബസ് തൊളിലാളികളുടെ അവസ്ഥ. ടൂറിസ്റ്റ് ബസ്സുകളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരുപറ്റം തൊഴിലാളികള്‍ക്കും ഈ നിയമം വരുന്നതോടുകൂടി വന്‍ തിരിച്ചടിയാണ്.
കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ലൈറ്റ് സൗണ്ട് ചിത്രപ്പണികള്‍ ഉണ്ടായിരുന്ന ടൂറിസ്റ്റ് ബസ്സുകള്‍ എത്ര അപകടം ഉണ്ടാക്കിയിട്ടുണ്ടെന്നും, ഒന്നോ രണ്ടോ ബസ്സുകള്‍ അപകടത്തില്‍ പെട്ടത് ഒഴിച്ചാല്‍ മറ്റൊരു സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും, കെഎസ്ആര്‍ടിസിയും മറ്റ് വാഹനങ്ങളും നിരത്തിലിറങ്ങുമ്പോള്‍ സിനിമാ പോസ്റ്ററുകളും മറ്റും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും അത് നിലനില്‍ക്കെയാണ് ടൂറിസ്റ്റ് ബസ്സുകളുടെ മേല്‍ ഇത്തരം നിയമങ്ങള്‍ കൊണ്ടു വന്ന് ആ പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.
ഇപ്പോള്‍ ആരും തന്നെ വിവാഹത്തിനും മറ്റു വിനോദ സഞ്ചാരത്തിനും ടൂറിസ്റ്റ് ബസ്സുകളെ വിളിക്കാത്ത സ്ഥിതിയാണ്. ഈ പ്രസ്ഥാനത്തിന് തകര്‍ക്കുക എന്ന ഉദ്ദേശമാണ് ഇപ്പോള്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ക്കും മറ്റും ഉള്ളതെന്ന് ബസ്സ് തൊഴിലാളികള്‍ പറയുന്നു.
ചിത്രം വരച്ചാല്‍ മറ്റു ഡ്രൈവര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ച് അപകടമുണ്ടാക്കും എന്ന കാരണമുന്നയിച്ച് ഗതാഗതവകുപ്പ് കമ്മീഷണര്‍ കോടതി മുഖേന നിയമം കൊണ്ടുവരികയും അതിന്റെ പേരില്‍ ടൂറിസ്റ്റ് ബസ്സിനെ കൊല്ലാക്കൊല ചെയ്യുകയുമാണ്. ടൂറിസ്റ്റ് ബസ്സ് പ്രസ്ഥാനത്തെ വേരോടെ തുടച്ചുനീക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമത്തിന്റെ ഫലമാണിതെന്നും ടൂറിസ്റ്റ് ബസ്സ് തൊഴിലാളികള്‍ പറയുന്നു.
Discussion about this post