പട്ടണക്കാട്: കഴിഞ്ഞ 10ന് പുലര്‍ച്ചെ ദേശീയപാതയില്‍ പട്ടണക്കാട് ബിഷപ് മൂര്‍ സ്കൂളിനു സമീപം ഉണ്ടായ ബൈക്ക് അപകടത്തില്‍ മരിച്ച യാത്രികരായിരുന്ന സഹോദരങ്ങളുടെ മരണത്തിന് ഇടയാക്കിയ ലോറി തിരുച്ചിറപ്പള്ളിയില്‍ നിന്നു പിടികൂടി. ലോറി ഡ്രൈവര്‍ കോയമ്പത്തൂര്‍ സ്വദേശി പൊന്നി നഗര്‍ രമേശനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുച്ചിറപ്പള്ളിയില്‍ നിന്ന് ചേര്‍ത്തലയിലെ വളവനാട്ടേക്കു സിമന്റുമായി വന്നതായിരുന്നു ലോറി അപ്പോഴായിരുന്നു യുവാക്കളുടെ വാഹനത്തില്‍ ഇടിച്ചത്. ചേര്‍ത്തല തൈക്കല്‍ വെളിംപറമ്പില്‍ ദാസന്റെ മക്കളായ അജേഷ്, അനീഷ് എന്നിവരാണ് മരിച്ചത്.
വണ്ടി തിരിച്ചറിഞ്ഞത്…
അപകടത്തിനു ശേഷം ദേശീയപാതയിലൂടെ മുന്നോട്ട് പോകാതെ ഇടത്തേയ്ക്കു തിരിച്ച് ഒരു കിലോമീറ്റര്‍ അകലെ ശക്തീശ്വരം കവലയില്‍ നിര്‍ത്തിയിട്ട ശേഷം വീണ്ടും ദേശീയപാതയിലെത്തി വളവനാട്ടേയ്ക്കു പോയി. ലോഡ് ഇറക്കിയ ശേഷം വൈകിട്ട് ദേശീയപാതയിലൂടെ മടങ്ങി. പെയിന്റ് ചെയ്യാന്‍ നല്കിയിടത്തു നിന്നാണ് ലോറി കസ്റ്റഡിയില്‍ എടുത്തത്. വിവിധയിടങ്ങളിലെ സിസി ടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. അപകടസ്ഥലത്തു നിന്നും വാഹനത്തില്‍ നിന്ന് അടര്‍ന്നുവീണ നിലയില്‍ പെയിന്റ് ഭാഗം ലഭിച്ചിരുന്നു. അപകടം നടന്നതിനു മുമ്പുള്ള സിസി ടിവി ക്യാമറ ദൃശ്യങ്ങളില്‍ ലോറിയും ബൈക്കും ഒരുമിച്ചു സഞ്ചരിച്ചിരുന്നതായും പോലീസ് കണ്ടെത്തി. ശക്തീശ്വരം കവലയ്ക്കു സമീപത്തെ ക്യാമറ പരിശോധിച്ചപ്പോഴും ലോറിയുടെ സാന്നിധ്യം കണ്ടെത്തി.
തുടര്‍ന്ന് അമ്പലപ്പുഴ വരെയുള്ള ക്യാമറ പരിശോധിച്ചപ്പോള്‍ ലോറി ആ ഭാഗം കടന്നിട്ടില്ലെന്നു കണ്ടെത്തി. പിന്നീട് കുമ്പളം ടോള്‍ പ്ലാസയിലെ ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇടതുവശത്ത് പെയിന്റ് നഷ്ടപ്പെട്ട ലോറി കണ്ടെത്തി. റജിസ്ട്രേഷന് നമ്പര്‍ ഉപയോഗിച്ച് ഉടമയെ കണ്ടെത്തി പട്ടണക്കാട് എസ്ഐ എസ് അസീമിന്റെ നേതൃത്വത്തില്‍ പോലീസ് തിരുച്ചിറപ്പള്ളിക്കു പുറപ്പെട്ടു. വ്യാഴം രാവിലെ അവിടെയെത്തിയ പോലീസ് ഉടമയെ വിവരം ധരിച്ചിപ്പിച്ച ശേഷം ലോറി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്നു ഡ്രൈവറെയും അറസ്റ്റ് ചെയ്തു. അപകടമുണ്ടായ കാര്യം രമേശ് ഉടമകളെ അറിയിച്ചിരുന്നില്ല. ലോറിയില്‍ പെയിന്റ് പോയ ഭാഗം ഉള്‍പ്പെടെ പുതിയ പെയിന്റ് അടിച്ച് ശരിയാക്കുകയും ചെയ്തിരുന്നു
ശേഷം വാഹനത്തിന്റെ ഉടമ ഡ്രൈവറെ വിളിച്ചു ചോദ്യം ചെയ്തപ്പോഴാണ് കരഞ്ഞുകൊണ്ട് അയാള്‍ അപകടവിവരം സമ്മതിച്ചത്. മോട്ടോര്‍വാഹന വകുപ്പ്, സൈന്റിഫിക് വിദഗ്ദര്‍, വര്‍ക് ഷോപ്പുകള്‍, ലോറി ഉടമകള്‍, ലോറി കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ സഹായത്തോടെ നൂറുകണക്കിനു വാഹനങ്ങള്‍ സംബന്ധിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് തമിഴ് ലോറിയുടെതാണെന്നു മനസിലായത്. പിന്നീട് സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ലോറി തിരിച്ചറിഞ്ഞു. പോലീസിലെ തന്നെ സാങ്കേതിക വിദഗ്ധര്‍ അപകടം നടന്ന ദിവസം തന്നെ വിവിധ ഇടങ്ങളിലെ സിസിടിവി ദൃശ്യം നഷ്ടമാകാതെ ശേഖരിച്ചതും കേസിനെ തുണച്ചു.
Discussion about this post