തിരുവനന്തപുരം: ചൊവ്വാഴ്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കില്ലെന്ന് സൂചന. സമരം നടത്തിയ ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്് എംഡി ടോമിന്‍ തച്ചങ്കരി സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ പൊതുമേഖലാസ്ഥാപനത്തിലെ ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതിന് പരിമിതികളുണ്ടെന്നായിരുന്നു കത്തിന് സര്‍ക്കാര്‍ നല്‍കിയ മറുപടി.
അതേസമയം സര്‍ക്കാര്‍ നിലപാടില്‍ തച്ചങ്കരി അതൃപ്തനാണ്. എന്നാല്‍, കത്തില്‍ ഔദ്യോഗിക നിലപാട് കാത്തിരിക്കുകയാണെന്നാണ് തച്ചങ്കരി പറഞ്ഞത്.
റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാനുള്ള ഉത്തരവിനെതിരെയാണ് ഒക്ടോബര്‍ 16 ന് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. പണിമുടക്കില്‍ 1200 ഓളം ഷെഡ്യൂളുകള്‍ തടസപ്പെട്ടുവെന്നും ഒരു കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നുമാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. എന്നാല്‍, നഷ്ടമുണ്ടായിട്ടില്ലെന്നാണ് സംയുക്ത സമര സമിതിയുടെ നിലപാട്. പണിമുടക്ക് ദിവസം, തൊട്ടുമുമ്പുള്ള ദിവസത്തെക്കാള്‍ 2 ലക്ഷം അധിക വരുമാനം കോര്‍പറേഷന് ലഭിച്ചെന്ന് സമരസമിതി അവകാശപ്പെടുന്നു.
പണിമുടക്ക് സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കവെയാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്.