തിരുവനന്തപുരം: ശബരിമല ദര്‍ശനം നടത്തിയ യുവതികളുടെ കണക്കുകളില്‍ വന്ന പിഴവിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്കാന് ഡിജിപിയുടെ നിര്‍ദ്ദേശം. എഡിജിപി അനില്‍കാന്തിനോട് വിഷയം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം. കോടതിയില്‍ സമര്‍പ്പിച്ച ലിസ്റ്റ് അബദ്ധമായതോടെ പോലീസും നിയമവകുപ്പും പരസ്പരം പഴിചാരുന്നതിനിടയാണ് ഡിജിപി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
ശബരിമല ദര്‍ശനം നടത്തിയ 51 യുവതികളുടെ പട്ടികയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. ഇതില്‍ 50 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള സ്ത്രീകളും രണ്ട് പുരുഷന്‍ന്മാരും ഉള്‍പ്പെട്ടിട്ടുണ്ട്. സംഭവം വിവാദമായതോടെയാണ് പോലീസും നിയമവകുപ്പും പരസ്പരം പഴിചാരുന്നത്.
കോടതിയില്‍ നേരിട്ട് നല്‍കാനല്ല ലിസ്റ്റ് കൊടുത്തതെന്നാണ് പോലീസ് പറയുന്നത്. വിര്‍ച്വല്‍ ക്യൂവില്‍ റജിസ്റ്റര്‍ ചെയ്ത് പമ്പയില്‍ വന്ന് പാസ്സ് വാങ്ങിപ്പോയ ആളുകളുടെ കണക്കാണ് ഇത്. ബിന്ദുവും കനകദുര്‍ഗയുമല്ലാതെ വേറെ ആരെങ്കിലും കയറിയോ എന്ന് ചോദിച്ചാല്‍ മാത്രം നല്‍കാനാണ് ഈ ലിസ്റ്റ് നല്‍കിയതെന്നാണ് പോലീസ് പറയുന്നത്.എന്നാല്‍ ഇത് കൈകഴുകലാണ്, ഉത്തരവാദിത്തത്തോടെ പോലീസ് തന്ന പട്ടികയാണിതെന്ന് നിയമവകുപ്പും പറയുന്നു. പോലീസിന്റെ ലിസ്റ്റ് കിട്ടിയ ശേഷം ഏറെ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് കോടതിയില്‍ കൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് നിയമവകുപ്പിന്റെ വിശദീകരണം.
പട്ടികയിലെ പൊരുത്തക്കേടുകള്‍ പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിനോടും നിയമവകുപ്പിനോടും വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപി റിപ്പോര്‍ട്ട് തേടിയത്.
Discussion about this post