തൃശ്ശൂര്‍: ശബരിമലയില്‍ ദര്‍ശനം നടത്തിയ 51 യുവതികളുടെ വിവരങ്ങളടങ്ങിയ പട്ടിക സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയതിനു പിന്നാലെ ആരംഭിച്ച വിമര്‍ശനത്തിലേക്ക് ഒരെണ്ണം കൂടി നല്കി മാധ്യമനിരീക്ഷകന് അഡ്വ.ജയശങ്കര്‍ രംഗത്ത്. ബിന്ദുവിനും കനകദുര്‍ഗയ്ക്കും മുന്‍പ് ശബരിമല ദര്‍ശനം നടത്തിയവരെന്ന് കാണിച്ചാണ് സര്‍ക്കാര്‍ കോടതിയില്‍ പട്ടിക സമര്‍പ്പിച്ചത്. എന്നാല്‍ പട്ടികയില്‍ പിശകുണ്ടെന്നാണ് വിമര്‍ശകരും മാധ്യമങ്ങളും ചൂണ്ടിക്കാണിക്കുന്നത്.
51 യുവതികള്‍ കയറിയ വിവരമറിഞ്ഞ് മാമൂല് പ്രിയന്മാര് ഞെട്ടിയെന്നും, ആര്‍ത്തവ പ്രേമികള്‍ ആര്പ്പുവിളിച്ചെന്നും സൈബര്‍ സഖാക്കള്‍ ഇരട്ടച്ചങ്കനെ പാടിപ്പുകഴ്ത്തിയെന്നും അഡ്വ. ജയശങ്കര്‍ പരിഹസിക്കുന്നു. ‘എന്നാല്‍ ഇന്നാട്ടിലെ മാധ്യമ പരിഷകള്‍ വിട്ടില്ല. അന്ത 51ല്‍ ഒരാള്‍ പുരുഷന്, ബാക്കി മിക്കവരും 50വയസ് പണ്ടേ കഴിഞ്ഞവര്‍! അതോടെ ദേവസ്വം ബോര്‍ഡും ദേവസ്വം മന്ത്രിയും കൈകഴുകി’യെന്നാണ് ജയശങ്കറിന്റെ വിമര്‍ശനം.
അഡ്വ.ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
അന്ത 51 പെണ്‍കള്‍!
ബിന്ദുവും കനകദുര്‍ഗയും തലനരപ്പിച്ച മഞ്ജുവും മാത്രമല്ല ആകെ മൊത്തം 51 ‘യുവതി’കള്‍ പതിനെട്ടാംപടി കയറി അയ്യപ്പ ദര്‍ശനം നടത്തി എന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. വെറുതെ വായ് കൊണ്ട് പറയുകയല്ല, ഭക്ത യുവതികളുടെ പേരും വിലാസവും വയസ്സുമൊക്കെ കൃത്യമായി രേഖപെടുത്തിയ സ്റ്റേറ്റ്മെന്റ് ഹാജരാക്കി.
വാര്‍ത്തയറിഞ്ഞ് മാമൂല് പ്രിയന്മാര് ഞെട്ടി; ആര്‍ത്തവ പ്രേമികള്‍ ആര്‍പ്പു വിളിച്ചു. സൈബര്‍ സഖാക്കള്‍ ഇരട്ട ചങ്കനെ പാടിപ്പുകഴ്ത്തി.
എന്തുചെയ്യാം? ഇന്നാട്ടിലെ മാധ്യമ പരിഷകള്‍ വിട്ടില്ല. അന്ത 51ല്‍ ഒരാള്‍ പുരുഷന്, ബാക്കി മിക്കവരും 50വയസ് പണ്ടേ കഴിഞ്ഞവര്‍! അതോടെ ദേവസ്വം ബോര്‍ഡും ദേവസ്വം മന്ത്രിയും കൈകഴുകി.
ഒരുപക്ഷേ, ഭക്ത വനിതകള്‍ രജിസ്ട്രേഷന് സമയത്ത് അവരുടെ വയസു കുറച്ചു പറഞ്ഞതാകാം അതല്ലെങ്കില്‍ ദര്‍ശനം കഴിഞ്ഞു സര്‍ക്കാരിനെ കുഴപ്പത്തിലാക്കാന്‍ വേണ്ടി ഉളളതിനേക്കിനേക്കാള്‍ പ്രായം കൂട്ടിപ്പറഞ്ഞതും ആകാം. ഏതായാലും കമ്യൂണിസ്റ്റ് വിരുദ്ധര്‍ക്കു സന്തോഷിക്കാന്‍ വകയായി.
നവോത്ഥാന നായകനേ, ശരണമയ്യപ്പ!
Discussion about this post