തിരുവനന്തപുരം: കോടികള്‍ വിലയുള്ള 50 കിലോ ചന്ദന മുട്ടികളുമായി അഞ്ചുപേര്‍ പിടിയില്‍. തിരുവനന്തപുരത്ത് അടുത്തിടെ നടന്നതില്‍ ഏറ്റവും വലിയ ചന്ദന വേട്ടയാണിത്. വിതുര കല്ലാര്‍ സൂര്യകാന്തി വനത്തില്‍ നിന്നും കടത്തി കൊണ്ട് വന്നതാണിവ.
കല്ലാര്‍ അനില്‍ ഭവനില്‍ മണിക്കുട്ടന്, വിതുര കല്ലാര്‍ ഭാഗ്യ ഭവനില്‍ ഭഗവാന് കാണി, വിതുര നെല്ലികുന്ന് മാധവന് കാണി, വിതുര സജിന മന്‍സിലില്‍ ഷാന്‍, ആനപ്പാറ രാധിക മന്‍സിലില്‍ രാജേഷ് എന്നിവരെയാണ് വിപണിയില്‍ കോടി കണക്കിന് വിലയുള്ള ചന്ദന മുട്ടികളുമായി എസ്ഐ നിജാമിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. എസ്ഐയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച്ച നാലര മണിയോടെ നടത്തിയ പരിശോധനയില്‍ ഓട്ടോ തടഞ്ഞ് നിറുത്താന്‍ ശ്രമിച്ചെങ്കിലും ഇവര്‍ നിര്‍ത്താതെ പോവുകയായിരുന്നു.
തുടര്‍ന്ന് എസ്ഐയും സംഘവും ഇവരെ പിന്തുടര്ന്ന് വിതുര പേപ്പാറ റോഡില്‍ കാലന്‍കാവ് ചാപ്പത്തില്‍ വച്ച് വാഹനം തടഞ്ഞ് പിടികൂടുകയായിരുന്നു. പിടിയിലായവര്‍ മുന്‍പും സമാന കേസുകളില്‍ ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കും.
Discussion about this post