കണ്ണൂര്‍: കേടുവന്ന നോട്ടുകള്‍ നിങ്ങളുടെ കൈയ്യിലുണ്ടോ? എങ്കില്‍ പറയുന്ന വില നല്കി വാങ്ങാന്‍ ഇവിടെ ആളുണ്ട്. നിങ്ങള്‍ പറയുന്ന പണം മോഹവില നല്കി വാങ്ങാന്‍ കോഴിക്കോട് നടക്കാവ് സ്വദേശി എംകെ ലത്തീഫ് തയ്യാറാണ്. കാനന്നൂര്‍ ഫിലാറ്റലിക് ക്ലബ് നേതൃത്വത്തില്‍ ജവഹര്‍ലാല്‍ നെഹ്റു ലൈബ്രറി ഓഡിറ്റോറിയത്തില്‍ തുടങ്ങിയ കാന്‍പെക്സ് തപാല്‍ സ്റ്റാംപ്- നാണയ -കറന്‍സി പ്രദര്‍ശനത്തില്‍ ഇത്തരം പിശകുള്ള നോട്ടുകളുടെ കെട്ടുമായാണ് ലത്തീഫ് എത്തിയിരിക്കുന്നത്.
2000 രൂപയുടെ വാല്കഷണത്തോടു കൂടിയ നോട്ട് ലത്തീഫ് വാങ്ങിയത് 25,000 രൂപ കൊടുത്താണ്. അച്ചടി തെളിയാത്തതും നിറം മങ്ങിയതും വക്ക് പൊടിഞ്ഞതും ആയ നോട്ടുകളുടെ വലിയ ശേഖരം തന്നെ ഉണ്ട് യുവാവിന്റെ കൈയ്യില്‍. മാത്രമല്ല ഗാന്ധി ചിത്രം പലതവണ പതിഞ്ഞത്, അച്ചടി തെറ്റ്, മെഷനില്‍ കുടുങ്ങി പിണഞ്ഞത് എന്നിങ്ങനെ നോട്ടുകളെല്ലാം ഇദ്ദേഹത്തിന്റെ പക്കലുണ്ട്. സീരിയല്‍ നമ്പര്‍ ജന്മദിനത്തോടു കൂടി വരുന്ന നോട്ടുകളുടെ വലിയ ശേഖരവും ഇവിടെയുണ്ട്.
വെള്ളിയിലുണ്ടാക്കിയ കണ്ണൂര്‍ പണം, തലശേരി പണം എന്നിവയുടെ ശേഖരം, ഇന്ത്യയിലെ നാട്ടുരാജാക്കന്മാര് ഉപയോഗിച്ചിരുന്ന സ്റ്റാമ്പ്, നാണയം എന്നിവയും പ്രദര്‍ശനത്തിലുണ്ട്. ആലിനഗീര് (2) 1700-1729 കാലത്ത് ഉപയോഗിച്ചിരുന്ന തലശേരി പണം, ഹിജ്റ വര്‍ഷം 1184 ല്‍ ആലി രാജയുടെ കാലത്ത് ഉപയോഗിച്ചിരുന്ന കണ്ണൂര്‍ പണം, ടിപ്പു സുല്‍ത്താന്‍, പഴശി രാജ എന്നിവരെ പരാജയപ്പെടുത്തിയതിന്റെ ആഹ്ലാദത്തില്‍ ഈസ്റ്റ് ഇന്ത്യ കമ്പനി പുറത്തിറക്കിയ തലശേരി പണം എന്നിവ പ്രദീപന് കുന്നത്തിന്റെ വലിയ നാണയ ശേഖരത്തിലുണ്ട്.
ഇവയ്ക്കെല്ലാം പുറമെ ലോകരാഷ്ട്രങ്ങളിറക്കിയ ഗാന്ധി സ്മാരക തപാല്‍ സ്റ്റാംപുകള്‍, നാണയങ്ങള്‍, കറന്‍സികള്‍, വിവിധ രാജ്യങ്ങള്‍ പിന്‍വലിച്ച നാണയങ്ങള്‍ എന്നിവ പ്രദര്‍ശനത്തിലുണ്ട്.
Discussion about this post