പാലക്കാട്: ക്ഷേത്രം കൊള്ളയടിച്ച കേസില്‍ നിരപരാധിയായ ആദിവാസി യുവാവിനെ ആളുമാറി അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത സംഭവത്തില്‍ മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനിലെ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. മണ്ണാര്‍ക്കാട് സ്റ്റേഷനിലെ എഎസ്ഐമാരായ കെ രാഗേഷ്, പി ശിവരാജ്, സീനിയര്‍ സിപിഒ എം നാസര്‍, സിപിഒ അബ്ദുല്‍ സലാം എന്നിവരെയാണ് ആറുമാസത്തേക്ക് സസ്പെന്റ് ചെയ്തത്. നേരത്തെ അന്വേഷണ വിധേയമായി മുട്ടിക്കുളങ്ങര എആര്‍ ക്യാമ്പിലേക്ക് നാലു ഉദ്യോഗസ്ഥരേയും സ്ഥലം മാറ്റിയിരുന്നു.
ജില്ല പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തൃശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത്കുമാറാണ് സസ്പെന്ഷന് നടപടിയില്‍ തീരുമാനമെടുത്തത്. നേരത്തെ അന്വേഷണ വിധേയമായി നാല് പോലീസുകാരെ സ്ഥലം മാറ്റിയിരുന്നു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സസ്പെന്ഷന്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സംസ്ഥാനത്തെ പോലീസ്സേനയ്ക്ക് ഒന്നടങ്കം നാണക്കേടുണ്ടായ സംഭവം നടന്നത്. 10 വര്‍ഷം മുമ്പ് നടന്ന ഭണ്ഡാര മോഷണത്തില്‍ പ്രതിയായ രാധാകൃഷ്ണന് എന്നയാളെന്ന് തെറ്റിദ്ധരിച്ചാണ് കാഞ്ഞിരപ്പുഴ പൂഞ്ചോല പാമ്പന്‍ തോട് സ്വദേശിയായ ആദിവാസി യുവാവ് ചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ചന്ദ്രനെ 10 ദിവസം റിമാന്‍ഡ് ചെയ്തിരുന്നു.
എന്നാല്‍, പിന്നീടാണ് ആളുമാറിയ വിവരം പോലീസ് മനസ്സിലാക്കിയത്. തുടര്‍ന്ന് പോലീസ് ഇടപെട്ട് തന്നെ ഇയാളെ മോചിപ്പിച്ചു. ഇടക്ക് നാടുവിടുന്ന സ്വഭാവമുള്ളയാളായിരുന്നു ചന്ദ്രന്. നാട്ടുകാരും ബന്ധുക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുമില്ല. ഇതാണ് ചന്ദ്രന് വിനയായത്.
അറസ്റ്റ് ചെയ്ത സമയത്തും കോടതിയിലും രാധാകൃഷ്ണനല്ലെന്ന് ചന്ദ്രനോ ബന്ധുക്കളോ അറിയിച്ചില്ലെന്നാണ് പോലീസ് വിശദീകരണം. എന്നാല്‍, താന്‍ രാധാകൃഷ്ണനല്ലെന്നും ചന്ദ്രനാണെന്നും പോലീസിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി ചന്ദ്രന് വ്യക്തമാക്കിയിരുന്നു.
Discussion about this post