തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ഹാന്റിക്രാഫ്റ്റ് അപ്പെക്സ് സൊസൈറ്റിയുടെ കോവളം സുരഭി ഷോറൂം അധികാരികളുടെ അനാസ്ഥ കാരണം പൂട്ടി. തീരത്തെത്തുന്ന വിദേശികളെ ആകര്‍ഷിക്കാന്‍ കോടികള്‍ ചെലവാക്കി നിര്‍മ്മിച്ച മൂന്നു നില കെട്ടിടം ഇന്ന് കാടുപിടിച്ചു ചോര്‍ന്നൊലിച്ചു തകര്‍ച്ചയുടെ വക്കിലാണ്. കെട്ടിടത്തിന്റെ മുകള്‍ നിലകളില്‍ പാമ്പും മരപ്പട്ടിയും വരെ ഉണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ടൂറിസം സീസണില്‍ ലക്ഷങ്ങള്‍ സര്‍ക്കാരിന് വരുമാനം ലഭിക്കുന്ന പദ്ധതിയാണ് അധികൃതരുടെ കെടുകാര്യസ്ഥത കാരണം നശിക്കുന്നത്.
അഞ്ചു വര്‍ഷം മുന്‍പാണ് ഇവിടെ അവസാനമായി വേണ്ട വിധത്തില്‍ കരകൗശല ഉല്‍പ്പന്നങ്ങളുടെ സ്റ്റോക്ക് ലഭിച്ചതെന്ന് ആരോപണമുണ്ട്. നിലവില്‍ കെട്ടിടത്തിനുള്ളില്‍ ഉള്ള മിക്ക കരകൗശല ഉല്പന്നങ്ങളും വലയും പൊടിയും പിടിച്ചു നശിക്കുകയാണ്. വൈദ്യുതി ബില്ല് കൃത്യമായി അടയ്ക്കുന്നുണ്ടെങ്കിലും ഷോറൂമില്‍ വൈദ്യുതി ലഭ്യമല്ല. മീറ്റര്‍ ബോര്‍ഡും വയറിങ്ങും ഒക്കെ മഴവെള്ളം ഇറങ്ങി നശിച്ചു. വിശാലമായ മൂന്നു നില കെട്ടിടത്തിലെ താഴത്തെ നിലയുടെ കുറച്ചു ഭാഗം മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കാന്‍ കഴിയുന്നത്. കാട് പിടിച്ചു കിടക്കുന്ന പരിസരവും പൊളിഞ്ഞു കിടക്കുന്ന കെട്ടിടവും കണ്ടാല്‍ തന്നെ ആരും ഭയന്നു അകത്തു കയറില്ല. ഇപ്പോള്‍ അകത്ത് പ്രവേശിക്കാന്‍ കഴിയാത്ത വിധത്തില്‍ കെട്ടിടത്തിന് മുന്നില്‍ പുല്ലും ചെടിയും വളര്‍ന്ന് കിടക്കുകയാണ്.
ലക്ഷങ്ങള്‍ വിലമതിക്കുന്ന ഫര്‍ണിച്ചറുകള്‍ തുരുമ്പെടുത്തു നശിച്ചു കിടക്കുകയാണ്. കരകൗശല തൊഴിലാളികള്‍ക്കു പരിശീലനവും, അവരുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശനത്തിന് വച്ചു വിപണനം നടത്താനും എന്ന ഉദ്ദേശത്തോടെ 23 വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥലം വാങ്ങി കെട്ടിടം നിര്‍മ്മിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. കെട്ടിടത്തിന്റെ നിര്‍മ്മാണത്തിലും അഴിമതി നടന്നതായി പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ഫര്‍ണിച്ചറുകളും നശിച്ചു തുടങ്ങിയിരിക്കുന്നു. നാട്ടുകാര്‍ക്കും തൊഴിലാളികള്‍ക്കും പ്രയോജനം ഇല്ലാതെ ഇങ്ങനെ കിടക്കുന്ന ഈ സുരഭി ഷോറൂം സര്‍ക്കാര്‍ ഇടപെട്ട് പുനരുജ്ജീവിപ്പിക്കണമെന്നാണ് ഏവരുടെയും അഭിപ്രായം.
കോവളത്ത് മറ്റു സ്വകാര്യ കരകൗശലശാലകള്‍ ലക്ഷങ്ങള്‍ വരുമാനം കൊയ്യുമ്പോള്‍ തൊഴിലാളികള്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ് കോവളം സുരഭി. ഒരുപാട് ചെറുപ്പക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനും വരുമാനം കണ്ടെത്താനും കഴിയുന്ന ഈ ഷോറൂം വ്യവസായ വകുപ്പും ടൂറിസം വകുപ്പും സമഗ്രമായി ഏറ്റെടുത്ത് നല്ല രീതിയില്‍ നടത്തിയാല്‍ ഇതിലൂടെ ലക്ഷങ്ങളാണ് ഒരു വര്‍ഷം സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുക.
Discussion about this post