തിരുവനന്തപുരം: തന്നെ യുഡിഎഫില്‍ എടുക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടില്ലെന്ന വെളിപ്പെടുത്തലുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. തന്നെ അപമാനിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെങ്കില്‍ യുഡിഎഫിന് കിട്ടാനുള്ളതില്‍ അഞ്ച് സീറ്റെങ്കിലും കുറയുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും എംഎല്‍എ പറയുന്നു.
താന്‍ യുഡിഎഫില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും തന്നെ ഇതുവരെ നടന്നിട്ടില്ല. താന്‍ കൊടുത്ത കത്ത് കെപിസിസിയില്‍ ചര്‍ച്ച ചെയ്യാമെന്നാണ് പറഞ്ഞത്. രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ്, ബെന്നി ബഹനാന് എന്നിവര്‍ക്കാണ് താന്‍ കത്ത് കൈമാറിയത്. ഈ നാലുപേര്‍ക്ക് മാത്രമാണ് താന്‍ കത്ത് നല്‍കിയിട്ടുള്ളത്. അത് ചര്‍ച്ച ചെയ്തതിനു ശേഷമല്ലേ കോണ്‍ഗ്രസുമായുള്ള സഹകരണം ചര്‍ച്ച ചെയ്യേണ്ടതുള്ളു. മറ്റുള്ളവര്‍ ഇതില്‍ എന്തിന് അഭിപ്രായം പറയണമെന്നും ജോര്‍ജ് ചോദിക്കുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് കോണ്‍ഗ്രസുമായി സഹകരിക്കാമെന്നാണ് താന്‍ കത്തില്‍ പറഞ്ഞതെന്നും പിസി ജോര്‍ജ് പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് ജനപക്ഷം വിലയിരുത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി അധികാരത്തില്‍ വരുന്നതാണ് മതേതര ജനാധിപത്യത്തിന് ഗുണകരമെന്ന് തങ്ങള്‍ കരുതുന്നു. അതുകൊണ്ട് കേന്ദ്രത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് തങ്ങള്‍ അറിയിച്ചതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി താന്‍ ബിജെപിയോട് സഹകരിക്കുമെന്ന കാര്യം ചര്‍ച്ച ചെയ്തുവെന്ന് പറഞ്ഞത് എന്‍ഡിഎയുമായി സഹകരിക്കുമെന്നുള്ള കാര്യമല്ല. രാജഗോപാല്‍ സഭയില്‍ വന്ന അന്നുമുതല്‍ രാജഗോപാലിന്റെ പ്രസംഗത്തിന്റെ സമയം കൂടി താനാണ് വിനിയോഗിക്കുന്നത്. അത് 14-ാം നിയമസഭ തുടങ്ങിയപ്പോള്‍ മുതലുള്ളതാണ്. നിലവിലും അങ്ങനെ തന്നെയാണ്.
മാണിക്ക് കോട്ടയത്തു നിന്ന് ജയിക്കണമെങ്കില്‍ തന്റെ പക്കല്‍ വരും നോക്കിക്കോളൂ. 137 മണ്ഡലത്തില്‍ ജനപക്ഷത്തിന് ശക്തമായ സ്വാധീനമുണ്ട്. മാണി ഗ്രൂപ്പിന്റെ മതിലെഴുത്തു പോലും ഈവന്റ് മാനേജ്മെന്റ് കമ്പനിയാണ് നടത്തുന്നത്. 25 മണ്ഡലത്തില്‍ മാണിക്ക് സ്വാധീനം ലേശമില്ലെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
Discussion about this post