പാലക്കാട്: മുതലമടയിലെ മാന്തോപ്പുകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കിടയില്‍ കാന്സറുള്പ്പെടെയുളള രോഗങ്ങള്‍ വ്യാപിക്കുന്നു. അനിയന്ത്രിതമായ അളവില്‍ കീടനാശിനി പ്രയോഗം നടത്തുന്നതിന്റെ ഫലമായാണ് മാരക രോഗങ്ങള്‍ വ്യാപിക്കാന്‍ കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മേഖലയില്‍ കീടനാശിനികളുണ്ടാക്കിയ ദൂഷ്യഫലങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
മുതലമട ബാബു കോളനിലെ സുകന്യ മുട്ടുവേദനയെ തുടര്‍ന്ന് നടക്കാനാവാതായപ്പോളാണ് സ്കൂള്‍ പഠിത്തം നിര്‍ത്തിയത്. ഇപ്പോള്‍ ചികിത്സ തൃശ്ശര്‍ മെഡിക്കല്‍ കോളേജില്‍ അസ്ഥിമജ്ജയെ ബാധിച്ച കാന്‍സറിന് ചികിത്സയിലാണ്. എന്നാല്‍ തന്റെ അസുഖമെന്താണെന്ന് ഈ കുഞ്ഞിനറിയില്ല. സുകന്യയെപ്പോലെ നിരവധി പേരുണ്ട് മുതലമടയിലെ ആദിവാസി കോളനികളില്‍ അര്‍ബുദ ബാധിതരായി. മിക്കവരും മാന്തോപ്പുകളില്‍ പണിയെടുക്കുന്നവരോ, അവരുടെ ആശ്രിതരോ ആണ്. രോഗമെന്തെന്നറിയുന്നവര്‍ കുറവാണ്. അറിഞ്ഞാല്‍ തന്നെ അത് വെളിപ്പെടുത്താത്തവരുമുണ്ട്.
കീടനാശിനി തളിക്കുകയോ, കൈകാര്യം ചെയ്യുകയോ ചെയ്യുന്ന രണ്ടിലൊരാള്‍ക്ക് കാന്‍സര്‍ ഉണ്ടെന്ന് നേരത്തെ തന്നെ ആരോഗ്യ വകുപ്പും പരിസ്ഥിതി സംഘടനകളും നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. അനിയന്ത്രിതമായ കീടനാശിനി പ്രയോഗത്തെ കുറിച്ച് അറിയില്ലെന്ന വിശദീകരണമാണ് മുതലമട പഞ്ചായത്തും കൃഷിവകുപ്പും നല്‍കുന്നത്. കീടനാശിനി പ്രയോഗത്തിന് ഇനിയും നിയന്ത്രണമേര്‍പ്പെടുത്തിയില്ലെങ്കില്‍ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയ്ക്ക് സമാന അവസ്ഥയിലേക്കെത്തുമെന്നാണിവരുടെ ആശങ്ക.
Discussion about this post