കോഴിക്കോട്: ന്യൂഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക്ക് ദിനപരേഡിലേക്ക് ഇത്തവണ സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ ബാന്‍ഡ് സംഘത്തിനും ക്ഷണമില്ല. കേരളത്തിന്റെ നവോത്ഥാന പ്ലോട്ടിന് പിന്നാലെയാണ് സ്കൂളിന്റെ ബാന്‍ഡ് സംഘത്തിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചത്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നവോത്ഥാന വിഷയത്തില്‍ എതിര്‍ചേരിയില്‍ നിന്ന് സംസ്ഥാനവും കേന്ദ്ര സര്‍ക്കാരും പോര് തുടരുന്നതിനിടെയാണ് കേരളം നവോത്ഥാന പ്ലോട്ട് അവതരിപ്പിക്കാന്‍ ശ്രമിച്ചത്. ഇത് കേന്ദ്രം തള്ളിയിരുന്നു. പിന്നാലെയാണ് ബാന്‍ഡ് മേളത്തില്‍ പങ്കെടുക്കേണ്ട സെന്റ് ജോസഫ് സ്കൂളിന് അവസരം നിഷേധിക്കപ്പെട്ടത്.
ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന ദേശീയ ബാന്‍ഡ്മേളത്തില്‍ ഒന്നാം സ്ഥാനം നേടിയതോടെയാണ് സെന്റ് ജോസഫ് സ്കൂളിന് റിപ്പബ്ലിക് ദിനപരേഡില്‍ പങ്കെടുക്കാന്‍ യോഗ്യത ലഭിച്ചത്. ക്ഷണം വരാന്‍ വൈകിയതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ എസ്എസ്എയുമായി ബന്ധപ്പെട്ടപ്പോഴാണ് ഇത്തവണ പങ്കെടുക്കേണ്ടെന്ന് ഡല്‍ഹിയില്‍ നിന്ന് എംഎച്ച്ആര്‍ഡി അറിയിപ്പ് വന്ന കാര്യം അറിയുന്നത്. തുടര്‍ന്ന് ഇവര്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും എസ്എസ്എ, എംഎച്ച്ആര്‍ഡി ഡയറക്ടര്‍മാര്‍ക്കും കത്തയച്ചു. കൂടാതെ മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനും നവേദനം നല്കി. ടെക്നിക്കല്‍ പ്രശ്നമാണെന്നായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മറുപടി.
”റിപ്പബ്ലിക് ദിനപരിപാടിയില്‍ പങ്കെടുക്കണമെങ്കില്‍ ഒരുമാസം മുമ്പെങ്കിലും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് പരിശീലനം നല്‍കാറുണ്ട്. ഇത് അന്വേഷിച്ചപ്പോള്‍ ഇത്തവണ വരേണ്ടതില്ലെന്നായിരുന്നു എംഎച്ച്ആര്‍ഡിയുടെ അറിയിപ്പ്. നേരത്തെ കേരളത്തിന്റെ പ്ലോട്ടിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു’ എസ്എസ്എ പ്രോഗ്രാം ഓഫീസര്‍ സുരേഷ് പറയുന്നു. ,
എന്നാല്‍, സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് ഇത്തവണ റിപ്പബ്ലിക് ദിന പരേഡിന് പങ്കെടുക്കാനുള്ള അനുമതിയില്ല. കൂടുതല്‍ കാര്യങ്ങള്‍ പ്രതികരിക്കാനാവില്ലെന്നായിരുന്നു എംഎച്ച്ആര്‍ഡി പ്രോഗ്രാം ഓഫീസര്‍ കേരള ചാര്‍ജ് ഹസീലയുടെ പ്രതികരണം.
Discussion about this post