തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ മുന്നോട്ടുവന്ന സംസ്ഥാന സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍.
കോടതിയലക്ഷ്യത്തിനും സത്യപ്രതിജ്ഞാ ലംഘനത്തിനും പ്രധാനമന്ത്രിക്കെതിരെ കേസെടുക്കുകയാണ് നീതിപീഠവും ഭരണസംവിധാനവും ചെയ്യേണ്ടത്.
രാജ്യത്തിന്റെ ചരിത്രത്തേയും വിശ്വാസങ്ങളേയും ആധ്യാത്മികതയേയും അംഗീകരിക്കാത്തവരും ആരാധിക്കാത്തവരുമാണ് കമ്യൂണിസ്റ്റുകാരെന്ന് മോഡി പ്രസംഗത്തില്‍ പറഞ്ഞു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പൊള്ളത്തരവും അവരുടെ കപട ആത്മീയതയും തുറന്നുകാട്ടുന്നത് മുഖ്യമായും കമ്യൂണിസ്റ്റുകാരാണ്. അതിലുള്ള അസഹിഷ്ണുത കൊണ്ടാണ് കമ്യൂണിസ്റ്റുകാരെ പറ്റി മോഡി വേണ്ടാതീനം പറഞ്ഞത്.
ശബരിമല സ്ത്രീപ്രവേശനം ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ വിഷയമാക്കാന്‍ ബിജെപിയും മോദി സര്‍ക്കാരും ഗൂഢമായി തീരുമാനിച്ചതിന്റെ പരസ്യപ്രഖ്യാപനമാണ് പ്രധാനമന്ത്രിയുടെ കൊല്ലം പ്രസംഗം. ശബരിമല വിഷയത്തില്‍ ഇത്രമാത്രം പാപം ചെയ്യാന്‍ ഒരു സര്‍ക്കാരിന് കഴിയുന്നതെങ്ങനെയെന്ന ‘അത്ഭുത’ പ്രകടനവും മോഡി നടത്തി. ഇത് ശരിക്കും വോട്ടിനുള്ള തകിടം മറിച്ചിലാണ്. ഇത് രാഷ്ട്രീയ അധാര്‍മ്മികതയാണെന്നും കോടിയേരി പറയുന്നു.
കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന വീമ്പ് പറച്ചില്‍ നടത്തിയ മോഡിയെ, ശബരിമല ഉള്‍ക്കൊള്ളുന്ന പത്തനംതിട്ടയില്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എല്‍ഡിഎഫ് വെല്ലുവിളിക്കുന്നെന്നും കോടിയേരി പറഞ്ഞു.
Discussion about this post