ശബരിമലയില്‍ കാണിക്ക വരുമാനം കുറഞ്ഞു..! ഭണ്ഡാരത്തില്‍ നിന്ന് ലഭിച്ചത് പണത്തിന് പകരം ലഭിച്ചത് ‘സ്വാമി ശരണം, സേവ് ശബരിമല’ എന്നെഴുതിയ പേപ്പറുകള്‍
ശബരിമല: ശബരിമല സ്ത്രീപ്രവേശനം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ തുലാമാസപൂജയ്ക്ക് ഭക്തജനങ്ങള്‍ വളരെ കുറവായിരുന്നു. സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് വിശ്വാസികള്‍ നിലയ്ക്കലും പമ്പയിലും പ്രതിഷേധങ്ങള്‍ ശക്തമാക്കിയപ്പോള്‍ ശബരിമല പ്രവേശനം പരോക്ഷമായി പലരും വേണ്ടെന്ന് വെച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഈ പ്രതിഷേധങ്ങള്‍ സാരമായി ബാധിച്ചത് ശബരിമലയിലെ കാണിക്ക വരുമാനത്തെയാണ്. ഭണ്ഡാരത്തില്‍ നിന്ന് കാണിക്ക പണത്തിനുപകരം ലഭിച്ചത് ‘സ്വാമി ശരണം, സേവ് ശബരിമല’ എന്നെഴുതിയ പേപ്പറുകളായിരുന്നു.
തുലാമാസപൂജയ്ക്ക് നട തുറന്ന 17 മുതല്‍ നാലുദിവസത്തെ കാണിക്ക വരുമാനം മുന്‍വര്‍ഷം ഇതേകാലത്ത് ലഭിച്ചതിനേക്കാള്‍ 44.50 ലക്ഷം രൂപ കുറവാണ്. തുലാമാസപൂജയ്ക്ക് നട തുറന്നശേഷം എറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ടത് ശനിയാഴ്ചയാണ്. ഈ ഒരുദിവസത്തെ കാണിക്കവരവില്‍ കഴിഞ്ഞ വര്‍ഷം ഇതേദിവസത്തെക്കാള്‍ നേരിയ വര്‍ധനയുണ്ട്. 15,800 രൂപ. യുവതീപ്രവേശ വിഷയത്തില്‍ പ്രതിഷേധിച്ച് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്ന് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു.
കാണിക്ക വരവ്
2018 2017 കുറവ്
നട തുറന്നദിവസം 4.83 ലക്ഷം 8.42 ലക്ഷം 3.59 ലക്ഷം
രണ്ടാം ദിനം 19.30 ലക്ഷം 45.59 ലക്ഷം 26.28 ലക്ഷം
മൂന്നാം ദിനം 17.51 ലക്ഷം 32.30 ലക്ഷം 14.79 ലക്ഷം
നാലാം ദിനം 36.74 ലക്ഷം 36.58 ലക്ഷം 15,800 രൂപ (കൂടുതല്‍)
Discussion about this post