കൊച്ചി: ഒരു വ്യക്തിക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്ന കാരണത്താല്‍ ഒരാളെ
ക്ഷേത്രദര്‍ശനത്തില്‍ നിന്നു തടയാനാവില്ലെന്ന് ഹൈക്കോടതി. കേസുകള്‍ ഉണ്ടെന്ന പേരില്‍ ശബരിമല ദര്‍ശനത്തിന് അനുമതി നിഷേധിച്ച പോലീസ് നടപടി ചോദ്യം ചെയ്തു കെ രമേശന് എന്ന വ്യക്തി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ജിക്കാരനു ക്ഷേത്ര ദര്‍ശനം നടത്താന്‍ കോടതി അനുമതി നല്കി.
രമേശന് നേരത്തെ കൊലക്കേസില്‍ പ്രതിയായിരുന്നെന്നും, ഭക്തന് എന്ന നിലയില്‍ അല്ല ശബരിമലയില്‍ പോവുന്നതെന്നും പലിശയ്ക്കു പണം നല്കുന്ന ഇയാളുടെ ലക്ഷ്യം പണം പിരിക്കലാണെന്നും സര്‍ക്കാര്‍ അഭിഭാഷകന് ഹൈക്കോടതിയില്‍ വാദിച്ചു. എന്നാല്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നതിന്റെ പേരില്‍ ഒരാളെ ക്ഷേത്ര ദര്‍ശനം നടത്തുന്നതില്‍ നിന്നു തടയാനാവില്ലെന്ന് ജസ്റ്റിസുമാരായ പിആര്‍ രാമചന്ദ്രമേനോനും എന്‍ അനില്‍ കുമാറും വ്യക്തമാക്കി. നിയമ ലംഘന പ്രവര്‍ത്തനങ്ങള്‍ നടത്തില്ല എന്ന ഉറപ്പില്‍ രമേശനെ ശബരിമല ദര്‍ശനത്തിന് അനുവദിക്കുകയാണെന്ന് ബെഞ്ച് ഉത്തരവിട്ടു. സന്നിധാനത്ത് രമേശന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പോലീസിന് കോടതി നിര്‍ദേശം നല്കി.
Discussion about this post