ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബി.ജെ.പി സെക്രട്ടറിയേറ്റ് നടയില്‍ തുടരുന്ന സമരം അവസാനിപ്പിക്കാന്‍ ധാരണ. ശബരിമല നട അടച്ചതിന് ശേഷം സമരം തുടരുന്നത് നാണക്കേടുണ്ടാക്കുമെന്നാണ് പാര്‍ട്ടിയില്‍ ഉയര്‍ന്ന അഭിപ്രായം. യുവതി പ്രവേശന വിധിക്കെതിരായ പുനപരിശോധനാ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി നീട്ടിവെച്ചതും സമരം നിര്‍ത്തുന്നതിന് കാരണമായി. സമരം എങ്ങുമെത്താതെ അവസാനിപ്പിക്കേണ്ടി വരുന്നത് പാര്‍ട്ടിയില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെക്കും.
ഡിസംബര്‍ മൂന്നിന് സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയപ്പോള്‍ പാര്‍ട്ടിയുടെ ശക്തി തെളിയിക്കാനാകുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാല്‍ ആദ്യ രണ്ടാഴ്ച പിന്നിട്ടതോടെ സമരത്തിന് നിറം കെട്ടു. സമരപ്പന്തലില്‍ ആളൊഴിഞ്ഞു. വേണുഗോപാലന്‍ നായര്‍ എന്നയാള്‍ തീ കൊളുത്തി സമരപ്പന്തലിലേക്ക് വരികയും മരിക്കുകയും ചെയ്തത് ആയുധമാക്കി സമരത്തിന് ആവേശമുണ്ടാക്കാന്‍ ശ്രമിച്ചതും വിപരീത ഫലമാണുണ്ടാക്കിയത്. ശബരിമലയില്‍ യുവതി പ്രവേശനം സ്ഥിരീകരിച്ചപ്പോഴും സമരത്തിന് തീവ്രത കൂട്ടാനുള്ള ശ്രമം വിജയിച്ചില്ല. സംസ്ഥാന വ്യാപകമായി അറസ്റ്റും കേസുകളും വന്നതോടെ പാര്‍ട്ടി നേതൃത്വം വീണ്ടും കുരുക്കിലായി.
ഭരണസിരാകേന്ദ്രത്തിലെ സമരമായിട്ടും സര്‍ക്കാര്‍ കണ്ടഭാവം നടിച്ചില്ല. ഇതോടെ സമരം എങ്ങനെ തീര്‍ക്കണമെന്നറിയാത്ത ധര്‍മ്മസങ്കടത്തിലായി ബി.ജെ.പി നേതൃത്വം. നിരാഹാരം കിടന്ന മഹിളാ മോര്‍ച്ച അധ്യക്ഷ വി.ടി രമയെ ആശുപത്രിയിലേക്ക് മാറ്റി മറ്റൊരാളെ സമരത്തിനിരുത്തിയ ശേഷം രണ്ട് ദിവസത്തിനുള്ളില്‍ സമരം അവസാനിപ്പിക്കാനാണ് ഇപ്പോഴത്തെ ധാരണ. ശബരിമല കര്‍മ സമിതി സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമത്തിന് മുന്‍പ് സമരം അവസാനിപ്പാക്കാനാണ് സാധ്യത.
Discussion about this post