വര്‍ക്കല: എല്ലാവര്‍ക്കും സമ്മാനങ്ങളും കത്തുകളും കൊടുക്കുന്ന ആളാണല്ലോ പോസ്റ്റ് മാന്‍. എന്നാല്‍ വര്‍ക്കല പോസ്റ്റ് ഓഫിസിലെ പോസ്റ്റ് വുമണിനെ തേടി ഒരു സമ്മാനപ്പെട്ടി എത്തി. തുറന്ന് നോക്കിയപ്പോള്‍ കണ്ടത് ജീവനുള്ള പാമ്പിനെ.
വര്‍ക്കല പോസ്റ്റാഫീസിലെ പോസ്റ്റ് വുമണ്‍ വര്‍ക്കല കിളിത്തട്ടുമുക്ക് പാര്‍വതി മന്ദിരത്തില്‍ അനിലാ ലാലിന്റെ പേരിലാണ് പാമ്പിനെ പെട്ടിയിലാക്കി കൊണ്ടുവച്ചത്. തിങ്കളാഴ്ച രാവിലെ ജീവനക്കാരാണ് പോസ്റ്റാഫീസിലെ ലെറ്റര്‍ ബോക്‌സിനു മുകളില്‍ കാര്‍ഡ് ബോര്‍ഡിലിരിക്കുന്ന അനിലാ ലാലിന്റെ പേരിലുള്ള സമ്മാനപ്പെട്ടി കണ്ടത്. അനിലാ ലാലിന്റെ പേരില്‍ പോസ്റ്റോഫീസ് വിലാസത്തിലെ പെട്ടിയുടെ പുറത്ത് കോപ്ലിമെന്ററി ഗിഫ്റ്റ് എന്നാണ് എഴുതിയിരുന്നത്. ജീവനക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് അനിലയെത്തി കടലാസിളക്കി നോക്കിയപ്പോള്‍ ഉള്ളില്‍ ഒരു പാത്രമാണ് കണ്ടത്. അതിനുള്ളില്‍ എന്തോ അനങ്ങുന്നതായുള്ള സംശയത്തെത്തുടര്‍ന്ന് ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് പാമ്പാണെന്നു മനസ്സിലായത്.
പാമ്പിനൊപ്പം പോസ്റ്റ് വുമണിനെ അഭിസംബോധന ചെയ്ത് ഭീഷണിക്കത്തും പാത്രത്തിലുണ്ടായിരുന്നു. പോലീസെത്തി സമ്മാനം സ്റ്റേഷനിലേക്കു കൊണ്ടുപോയി. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. ചുരുട്ട വിഭാഗത്തില്‍പ്പെട്ട പാമ്പാണ് പാത്രത്തിലുണ്ടായിരുന്നത്.
അതേസമയം തന്നെ അപായപ്പെടുത്താനാനുള്ള ശ്രമമായിരുന്നു അത് എന്നു കാണിച്ച് അനിലാ ലാല്‍ പോലീസിനു പരാതി നല്‍കി. സമ്മാനം പോസ്റ്റോഫീസില്‍ കൊണ്ടുവച്ചയാളെ സിസിടിവിയുടെ സഹായത്തോടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.