കൊച്ചി: കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. 30 ദിവസത്തെക്കാണ് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. അത് വരെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം. എന്നാല്‍ സഭാ സമ്മേളനത്തില്‍ വോട്ട് ചെയ്യാനോ, ആനൂകൂല്യങ്ങള്‍ കൈപ്പറ്റാനോ കഴിയില്ല. കാരാട്ട് നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതി നടപടി.
കൊടുവള്ളി തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ഥി എംഎ റസാഖ് മാസ്റ്ററെ വ്യക്തിഹത്യ ചെയ്‌തെന്ന ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത്. എംഎ റസാഖ് മാസ്റ്ററെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ ഡോക്യുമെന്ററികളും സിഡികളും പ്രചരണത്തിന് ഉപയോഗിച്ചെന്നായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം. കൊടുവള്ളി സ്വദേശികളായ കെപി മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് കാരാട്ട് റസാഖിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്
അതേസമയം ലീഗ് സ്ഥാനാര്‍ത്ഥി എംഎ റസാഖ് മാസ്റ്ററെ വിജയിയായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിക്കാരുടെ വാദം ഹൈക്കോടി തള്ളി. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കാരാട്ട് റസാക്ക് വ്യക്തമാക്കിയിരുന്നു. രണ്ട് ദിവസത്തിനകം വിരമിക്കുന്ന ജഡ്ജിയാണ് വിധി പ്രഖ്യാപനം നടത്തിയത്. ഇതില്‍ എന്തെങ്കിലും തിരിമറി നടന്നിട്ടുണ്ടോ സംശയിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍നടപടികള്‍ എല്‍ഡിഎഫുമായി ആലോചിച്ച് തീരുമാനിക്കും.