സൗജത്തിന്റെയും കാമുകന്റെയും പദ്ധതി തകര്‍ത്തത് മകള്‍; പാളിയത് സവാദിനെ വെട്ടിനുറുക്കി ഉപേക്ഷിക്കാനുള്ള പദ്ധതി

മകള്‍ ഉറക്കമുണര്‍ന്നതോടെ പാളിയത് കാമുകന്റെയും സൗജത്തിന്റെയും ഗൂഢനീക്കം.

താനൂര്‍: മകള്‍ ഉറക്കമുണര്‍ന്നതോടെ പാളിയത് കാമുകന്റെയും സൗജത്തിന്റെയും ഗൂഢനീക്കം. സവാദിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിക്കാനായിരുന്നു പദ്ധതി മകള്‍ ഉണര്‍ന്നതോടെ പാളുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. കൊലപാതകം നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനുശേഷമെന്നും പോലീസ് പറയുന്നു.

നാലു വര്‍ഷമായി സവാദിന്റെ ഭാര്യയും പ്രതി ബഷീറും പ്രണയത്തിലായിരുന്നു. ഇവര്‍ ഒരുമിച്ച് ജീവിക്കുന്നതിന് സവാദ് തടസമായതോടെയാണ് കൊല്ലാന്‍ പദ്ധതിയിട്ടത്. മൂന്നുമാസം മുമ്പ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയെങ്കിലും സവാദ് ഇത് കഴിച്ചില്ല. മറ്റൊരു ദിവസം രാത്രിയില്‍ കൊല നടത്താനുള്ള ശ്രമവും പരാജയപ്പെട്ടു. പിന്നീടാണ് കൃത്യമായ ആസൂത്രണത്തോടെ കൊല നടത്താന്‍ ബഷീര്‍ രണ്ടു ദിവസത്തെ അവധിക്കു വിദേശത്തു നിന്ന് എത്തിയത്. കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിക്കാനായിരുന്നു പദ്ധതി. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ കൃത്യം നടത്തിയതിനു ശേഷം സവാദിനെ കാണാനില്ലെന്നു കാണിച്ച് പൊലീസില്‍ പരാതി നല്‍കാനും പദ്ധതിയിട്ടിരുന്നു. എന്നാല്‍ സവാദിനൊപ്പം വരാന്തയില്‍ ഉറങ്ങി കിടന്ന മകള്‍ സവാദിന്റെ തലക്കടിക്കുന്ന ശബ്ദം കേട്ട് ഉണരുകയായിരുന്നു. രണ്ടു തവണയാണ് മരകഷണം കൊണ്ട് സവാദിന്റെ തലക്കടിച്ചത്.

മകളെ മുറിയില്‍ പൂട്ടിയിട്ടതിനു ശേഷമാണ് മരണം ഉറപ്പാക്കാന്‍ ഭാര്യ സൗജത്ത് സവാദിന്റെ കഴുത്ത് പാതി മുറിച്ചത്. കൊലപാതകത്തിനുശേഷം വിദേശത്തേക്കു കടന്ന ബഷീര്‍ ഇന്നലെ രാവിലെയാണു താനൂര്‍ സിഐക്കു മുന്‍പില്‍ കീഴടങ്ങിയത്. പത്രമാധ്യമങ്ങളില്‍ ബഷീറിന്റെ ഫോട്ടോ ഉള്‍പ്പടെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ ജോലിയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യമായി. തുടര്‍ന്നായിരുന്നു കീഴടങ്ങല്‍.

ബഷീറിനെ കൊലപാതകം നടത്തിയ തെയ്യാലയിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തി. സവാദിന്റെ തലയ്ക്കടിക്കാന്‍ ഉപയോഗിച്ച മരക്കഷണം ഇവിടെ നിന്നു കണ്ടെത്തി. പ്രതിയെ വൈദ്യപരിശോധനയ്ക്ക് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തി. സവാദിന്റെ ഭാര്യ സൗജത്തും ബഷീറിന് സവാദിന്റെ വീട്ടിലെത്താന്‍ വാഹനം ഏര്‍പ്പെടുത്തി കൊടുത്ത സൂഫിയാനും നേരത്തെ അറസ്റ്റിലായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരക്കാണ് സവാദ് തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടത്.

Exit mobile version