തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. കെഎസ്ആര്‍ടിസി എംഡിയുമായി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടും വരെ പണിമുടക്കില്‍ നിന്ന് പിന്നോട്ടില്ലെന്നും യൂണിയന്‍ നേതാക്കള്‍ ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു.
അതേസമയം, കെഎസ്ആര്‍ടിസി അനിശ്ചിതകാല പണിമുടക്കില്‍ നിന്ന് യൂണിയനുകള്‍ പിന്‍മാറണമെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി ആവശ്യപ്പെട്ടു. സമരത്തിലുള്ള യൂണിയനുകളുടെ പല ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളതാണ്. സമരത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെങ്കില്‍ സര്‍ക്കാരുമായി ആലോചിച്ച് ഭാവിനടപടികളുമായി മുന്നോട്ടുപോവുമെന്നും കെഎസ്ആര്‍ടിസി എംഡി മുന്നറിയിപ്പ് നല്‍കി.
കെഎസ്ആര്‍ടിസിയിലെ വിവിധ യൂണിയനുകള്‍ സംയുക്തമായാണ് അനിശ്ചിതകാല പണിമുടക്കുമായി രംഗത്തുവന്നിരിക്കുന്നത്. ഡ്യൂട്ടി പരിഷ്‌കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്‍കിയ ശുപാര്‍ശ നടപ്പാക്കുക, ശമ്പള പരിഷ്‌കരണ ചര്‍ച്ച തുടങ്ങുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക് തുടങ്ങുന്നത്.
കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധിയും, പ്രശ്‌നങ്ങളും നിലനില്‍ക്കുമ്പോഴും പണിമുടക്കല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ മുന്നിലില്ലെന്നാണ് തൊഴിലാളി യൂണിയനുകളുടെ നിലപാട്. ഭരണ, പ്രതിപക്ഷ യൂണിയനുകള്‍ ഉള്‍പ്പെട്ട സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മാനേജ്‌മെന്റ് തലത്തിലുള്ള ചര്‍ച്ചയില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ മാത്രമേ സര്‍ക്കാര്‍ ഇടപെടുകയുള്ളൂവെന്നാണ് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരിക്കുന്നത്.
Discussion about this post