കെഎസ്ആര്‍ടിസി ജീവനക്കാര്‍ അര്‍ധരാത്രി മുതല്‍ പണിമുടക്കിലേക്ക്; ചര്‍ച്ചയ്ക്ക് ശ്രമിച്ച് എംഡി തച്ചങ്കരി

നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രിമുതല്‍ പണിമുടക്കിലേക്ക്.

തിരുവനന്തപുരം: നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രിമുതല്‍ പണിമുടക്കിലേക്ക്. അനിശ്ചിതകാല പണിമുടക്കിനാണ് ഭരണപക്ഷ-പ്രതിപക്ഷ യൂണിയന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

അതേസമയം, പണിമുടക്ക് ഒഴിവാക്കാന്‍ എംഡി ടോമിന്‍ തച്ചങ്കരി പതിനൊന്ന് മണിക്ക് തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തും. ശമ്പളപരിഷ്‌കരണം, പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

ഡിസംബറില്‍ ഒരു ഗഡു കുടിശിക ക്ഷാമബത്ത നല്‍കാമെന്ന വാക്ക് പാലിച്ചില്ലെന്നാണ് യൂണിയനുകളുടെ പ്രധാന പരാതി. എന്നാല്‍ പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ നാലുകോടി രൂപ അനുവദിച്ചിട്ടുണ്ട്. എങ്കിലും, അതുകൊണ്ടുമാത്രം പ്രശ്‌നം തീര്‍ന്നില്ലെന്ന് നേതാക്കള്‍ പറയുന്നു. ശമ്പളപരിഷ്‌കരണത്തിലും പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുന്നതിലും ഡിസംബറില്‍ ഗതാഗതമന്ത്രിയും തൊഴില്‍മന്ത്രിയും നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.

Exit mobile version