കൊച്ചി: കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് സ്വന്തം അണികളെ പോലും ആവേശം കൊള്ളിക്കാനായില്ലെന്ന വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്ക്. സാക്ഷരതയുടെയും സാമൂഹ്യബോധത്തിന്റെയും രാഷ്ട്രീയനിലപാടിന്റെയും കാര്യത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഒരു ജനതയെ ഉത്തരേന്ത്യന്‍ രീതിയില്‍ കബളിപ്പിക്കാന്‍ ബിജെപി നേതാക്കള്‍ക്കു കഴിയില്ലെന്നും മന്ത്രി ഓര്‍മ്മിപ്പിക്കുന്നു.
മന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
‘വേദിയിലുള്ള നേതാക്കളെയും സദസിലുള്ള അണികളെയും പോലും ആവേശം കൊള്ളിക്കാത്ത പ്രസംഗമാണ് പ്രധാനമന്ത്രി കൊല്ലത്തു നടത്തിയത്. സംഘപരിവാറുകാരെ ആ പ്രസംഗം ആവേശം കൊള്ളിക്കാത്തതിനു കാരണമുണ്ട്. സാക്ഷരതയുടെയും സാമൂഹ്യബോധത്തിന്റെയും രാഷ്ട്രീയനിലപാടിന്റെയും കാര്യത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഒരു ജനതയെ ഉത്തരേന്ത്യന്‍ രീതിയില്‍ കബളിപ്പിക്കാന്‍ ബിജെപി നേതാക്കള്‍ക്കു കഴിയില്ല.
പത്രം വായിച്ചും ചാനലുകള്‍ വീക്ഷിച്ചും സോഷ്യല്‍ മീഡിയയില്‍ സജീവസാന്നിധ്യമായും വിവരങ്ങള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയബോധ്യം രൂപപ്പെടുത്തുകയും ചെയ്യുന്നവരാണ് കേരളീയര്‍. നരേന്ദ്രമോദിയെപ്പോലുള്ളവര്‍ക്ക് അറിയാവുന്ന ചെപ്പടിവിദ്യകളൊന്നും ഇവിടെ ബിജെപിക്കാരുടെ മുന്നില്‍പ്പോലും ചെലവാകില്ല. അതുകൊണ്ടാണ് സദസും വേദിയും അദ്ദേഹത്തിന്റെ പ്രസംഗത്തെ തികഞ്ഞ നിസംഗതയോടെ വരവേറ്റത്.
ശബരിമലയെക്കുറിച്ചുള്ള മോദിയുടെ പ്രസ്താവന നോക്കൂ. സുപ്രിംകോടതി വിധി നടപ്പാക്കിയത് അറപ്പുളവാക്കുന്ന കൃത്യമാണത്രേ. ഭരണഘടനയെയും നിയമവാഴ്ചയെയും മാനിക്കുന്ന ഒരു പ്രധാനമന്ത്രിയ്ക്ക് ഒരിക്കലും പറയാനാവാത്ത കാര്യം.
ശബരിമല വിഷയത്തില്‍ ബിജെപിയുടെ സ്ഥിരതയുള്ള നിലപാടിനെക്കുറിച്ച് മോദി ഊറ്റം കൊള്ളുമ്പോള്‍ സദസിലിരുന്നവര്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന് പിള്ളയുടെ ഭാവമായിരിക്കും കൌതുകത്തോടെ വീക്ഷിച്ചിട്ടുണ്ടാവുക. ഓരോ ദിവസവും ഓരോ ആഴ്ചയും ഓരോ നിലപാട് ഇക്കാര്യത്തില്‍ മാറ്റിപ്പറഞ്ഞ് സമൂഹമധ്യത്തില്‍ പരിഹാസ്യനായി നില്ക്കുന്ന അദ്ദേഹത്തെ വേദിയിരുത്തി ഇത്തരത്തില്‍ പ്രസംഗിച്ചത് വലിയ സാഹസമായിപ്പോയി. ചിരിയമര്‍ത്താന്‍ പാടുപെട്ട സദസ് കൈയടിക്കാന്‍ മറന്നത് സ്വാഭാവികം.
അതുപോലെ പ്രസംഗം പരിഭാഷപ്പെടുത്തിയ വി മുരളീധരന് എംപിയും ”സ്ഥിരതയുള്ള നിലപാടിന്റെ” കാര്യത്തില്‍ തനതായ സംഭാവന നല്‍കിയിരുന്നു.. ഇവിടെ സമരരംഗത്തുള്ള അദ്ദേഹമാണല്ലോ, ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നതില്‍ പ്രശ്നമില്ലെന്നും സുപ്രീം കോടതി വിധി നടപ്പാക്കുക സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നുമൊക്കെ ദേശീയ ചാനലില്‍ ചെന്നിരുന്നു വാദിച്ചത്.
അതുപോലെയാണ് ആയുഷ്മാന്‍ ഭാരത് ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ കാര്യം. രാജ്യത്തിനാകെ മാതൃകയായ പൊതുആരോഗ്യസംവിധാനങ്ങളും ആരോഗ്യഇന്‍ഷ്വറന്‍സ് പദ്ധതികളും ഉള്ള സംസ്ഥാനമാണ് കേരളം. കൊല്ലം പീരങ്കി മൈതാനത്ത് തടിച്ചുകൂടിയ ബിജെപിക്കാരും കുടുംബാംഗങ്ങളുമടക്കം എത്രയോ പേര് ആ പദ്ധതികളുടെ ഗുണഭോക്താക്കളാണ്. വെറുതെയല്ല, ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ പേരില്‍ നടത്തിയ അവകാശവാദം അണികള്‍ പോലും കൈയടിച്ചു സ്വീകരിക്കാതിരുന്നത്.
അമ്പതുകോടിപേര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുമെന്നാണ് പ്രധാനമന്ത്രി കൊട്ടിഘോഷിച്ചത്. ഒരാള്‍ക്ക് എത്ര രൂപ തരും, കേന്ദ്രം? അതു മാത്രം പറഞ്ഞില്ല. 1100 രൂപ പ്രീമിയമടച്ചാല്‍ എങ്ങനെയാണ് അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് ആനുകൂല്യം നല്‍കാനാവുക? ആ തുക കിട്ടണമെങ്കില്‍, പ്രീമിയമായി ഏഴായിരം രൂപയോളം അടയ്ക്കേണ്ടി വരും. ആ പണം ആരു നല്‍കും?
കാരുണ്യ, ചിസ്, ചിസ് പ്ലസ് പദ്ധതികള്‍ മാതൃകാപരമായി നടത്തിക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. ഉള്ളിന്റെ ഉള്ളിലെങ്കിലും അക്കാര്യം ബിജെപിയുടെ അണികളും അനുഭാവികളും അംഗീകരിക്കുകയും ചെയ്യും. കാരണം, അവരുടെ കുടുംബങ്ങളിലും ആ ഇന്‍ഷ്വറന്‍സ് ആനുകൂല്യം എത്തിയിട്ടുണ്ട്. ആയുഷ്മാന്‍ ഭാരതിന്റെ ഗുണഭോക്താക്കളെ സമൂഹത്തിനു മുന്നില്‍ അങ്ങനെ പരിചയപ്പെടുത്താന്‍ ബിജെപിയ്ക്കു കഴിയില്ല.
ഏതായാലും ഒരുകാര്യം ഇപ്പോള്‍ പറയാം. ആയുഷ്മാന്‍ ഭാരത് പദ്ധതിയ്ക്ക് മറുപടി ഇത്തവണത്തെ കേരള ബജറ്റിലുണ്ടാകും. ജനുവരി 31ന് അതു രാജ്യം കാണും.
പൊതുസമൂഹത്തിന്റെ വിചാരണക്കോടതിയില്‍ കുറ്റവാളികളുടെ വേഷത്തിലാണ് ബിജെപി. ചെന്നുപെട്ട ഊരാക്കുടുക്കില്‍ നിന്ന് കരകയറാനാണ് അവര്‍ നരേന്ദ്രമോദിയെത്തന്നെ ക്ഷണിച്ചുകൊണ്ടുവന്നത്. പക്ഷേ, നനഞ്ഞ പടക്കമായിപ്പോയി എന്നു മാത്രം
Discussion about this post