കൊല്ലം: ഏത് ദേശത്ത് സന്ദര്‍ശനം നടത്തിയാലും അവിടത്തെ പ്രാദേശിക ഭാഷയില്‍ ഒരു വാക്ക് സംസാരിക്കുക എന്നത് പ്രധാനമന്ത്രിയുടെ ഇഷ്ടപ്പെട്ട കാര്യമാണ്. കേരളത്തിലെത്തിയാലും സഹോദരീ സഹോദരന്മാരെ എന്നാണ് അദ്ദേഹം സംബോധന ചെയ്യുക. ഇന്നലെ കൊല്ലത്തെത്തിയ മോഡി മലയാളികളുടെ സ്ഥിരം പഴഞ്ചൊല്ലും ഏറ്റെടുത്തിരുന്നു.
‘കൊല്ലം കണ്ടവന് ഇല്ലം വേണ്ട…’ എന്ന ചൊല്ലായിരുന്നു പ്രധാനമന്ത്രി പ്രസംഗത്തില്‍ ഇടം പിടിച്ചത്. മലയാളത്തില്‍ തുടങ്ങി മലയാളത്തില്‍ തന്നെ അവസാനിച്ച പ്രസംഗത്തെ നിറഞ്ഞ കൈയ്യടിയോടെയാണ് ജനം ഏറ്റെടുത്തത്. എന്നാല്‍ പഴഞ്ചൊലലിന്റെ അര്‍ത്ഥവും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തനിക്ക് കൊല്ലത്തെത്തിയപ്പോള്‍ വീടു പോലെയാണ് അനുഭവപ്പെടുന്നതെന്നും പറഞ്ഞു. മോദി-പിണറായി ഒരുമിച്ചെത്തുന്ന വേദി എന്ന പ്രത്യേകത കൊണ്ടും ഇരുവരുടെയും വാക്കുകള്‍ നിറഞ്ഞ ആവേശത്തോടെയാണ് ജനം കേട്ടിരുന്നത്.
മുഖ്യമന്ത്രിയെ ഒപ്പം നിര്‍ത്തിയാണ് പ്രധാനമന്ത്രി കൊല്ലം ബൈപാസ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കേരളത്തില്‍ ഒന്നും നടക്കില്ല എന്ന പ്രധാനമന്ത്രിയുടെ പഴയ വിമര്‍ശനം തെറ്റാണെന്ന് തെളിയിച്ചുവെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. നാലരപതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിനും ആഴ്ചകള്‍ നീണ്ട രാഷ്ട്രീയവിവാദത്തിനും വിരാമമിട്ടാണ് പ്രധാനമന്ത്രി കൊല്ലം ബൈപാസ് തുറന്നുകൊടുത്തത്.
അതേസമയം പ്രസംഗം തുടങ്ങുമ്പോള്‍ സദസില്‍ നിന്ന് പ്രതിഷേധശരണംവിളി ഉയര്‍ന്നു. എന്നാല്‍ മുഖ്യമന്ത്രി സ്വരം കടുപ്പിച്ചതോടെ സ്ഥിതി ശാന്തമായി..
Discussion about this post