സ്വകാര്യ ആശുപത്രികളിലടക്കം 15 വര്‍ഷം രോഗികളെ പരിശോധിച്ച വ്യാജ ഡോക്ടര്‍ ഒടുവില്‍ പിടിയില്‍; വ്യാജനെന്ന് ഭാര്യ പോലും തിരിച്ചറിഞ്ഞത് ഇപ്പോള്‍!

ആലപ്പുഴ വാടയ്ക്കല്‍ സ്വദേശി യേശുദാസാണ് പതിനഞ്ചുകൊല്ലത്തെ തട്ടിപ്പിന് ശേഷം പോലീസ് പിടിയിലായത്.

ആലപ്പുഴ: നാലു ജില്ലകളിലെ പ്രമുഖ സ്വകാര്യ ആശുപത്രികളില്‍ വര്‍ഷങ്ങളായി രോഗികളെ ചികിത്സിക്കുന്ന വ്യാജ ഡോക്ടര്‍ പിടിയില്‍. ആലപ്പുഴ വാടയ്ക്കല്‍ സ്വദേശി യേശുദാസാണ് പതിനഞ്ചുകൊല്ലത്തെ തട്ടിപ്പിന് ശേഷം പോലീസ് പിടിയിലായത്. മറ്റൊരു ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കൈക്കാലാക്കി അത് സ്വന്തം പേരില്‍ ആക്കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. എന്നാല്‍ ഇയാള്‍ വ്യാജനാണെന്ന് ഇത്രയും കാലമായിട്ടും അമ്മയോ ഭാര്യയോ കുട്ടികളോ അറിഞ്ഞതേയില്ല.

42 വയസ്സുള്ള യേശുദാസനെ സാജനെന്നും വിളിക്കും. പ്രീഡിഗ്രി പാസ്സായിട്ടുണ്ട്. മകനെ ഡോക്ടറാക്കണം എന്നായിരുന്നു ടീച്ചറായിരുന്ന അമ്മയുടെ ആഗ്രഹം. രണ്ട് തവണ മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതി കിട്ടിയില്ല. പിന്നാലെ ഫിസിയോ തെറാപ്പി കോഴ്‌സിന് ചേര്‍ന്നു. പൂര്‍ത്തിയാക്കിയില്ല. ഭാര്യയോടും അച്ഛനോടും അമ്മയോടും എംബിബിഎസിന് പഠിക്കുകയാണെന്ന് പറഞ്ഞ് മൂന്ന് വര്‍ഷം പറ്റിച്ചു. കോഴ്‌സ് കഴിഞ്ഞ് തിരുവനന്തപുരം മെന്റല്‍ ഹെല്‍ത്ത് സെന്ററിലെ അസിസ്റ്റന്റ് സര്‍ജനായ ഡോക്ടറുടെ എംബിബിഎസ് സര്‍ട്ടിഫിക്കറ്റ് കൈക്കലാക്കി അതില്‍ തിരുത്തല്‍ വരുത്തി.

വീട്ടുകാരെ വിശ്വസിപ്പിക്കാന്‍ എംബിബിഎസ് സര്‍ട്ടിഫിക്കറ്റ് അച്ഛന്റെ പേരില്‍ രജിസ്റ്റേര്‍ഡ് ആയി തിരുവനന്തപുരത്ത് നിന്നും അയച്ചുകൊടുത്തു. അപ്പോഴേക്കും യേശുദാസന്‍ ഡോക്ടറായി ചെറിയ ചെറിയ ക്ലിനിക്കുകളില്‍ പ്രാക്ടീസ് തുടങ്ങിയിരുന്നു. ഡെര്‍മറ്റോളജിസ്റ്റായ യേശുദാസന്‍ ഡോക്ടര്‍മാരുടെ ഇടയില്‍പ്പോലും അറിയപ്പെടുന്ന ഡോക്ടറായി മാറി.

തുടര്‍ന്ന് ആശുപത്രികളിലും പ്രാക്ടീസ് തുടങ്ങി. ചേര്‍ത്തലയിലെ എക്‌സ്‌റേ, കിന്റര്‍ ഹോസ്പിറ്റല്‍, അര്‍ത്തുങ്കല്‍ സെന്റ് സെബാസ്റ്റ്യന്‍ ഹോസ്പിറ്റല്‍, പള്ളിപ്പുറം സെന്റ് തോമസ് ഹോസ്പിറ്റല്‍, എറണാകുളം പിഎസ്എം ഹോസ്പിറ്റല്‍, ചെങ്ങനാശ്ശേരി സെന്റ് ട്രീസ് ഹോസ്പിറ്റല്‍, തിരുവല്ല പുഷ്പഗിരി തുടങ്ങിയ ആശുപത്രികളിലാണ് ട്രെയിനിംഗും പ്രാക്ടീസും.

ഒരു സ്വകാര്യ ആശുപത്രി മാനേജുമെന്റ് പോലും ഈ വ്യാജ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിലെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഒന്ന് ഇന്റര്‍നെറ്റില്‍ അടിച്ച് നോക്കാന്‍ പോലും തയ്യാറായില്ല. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒരു ഡോക്ടര്‍ ഒരു രോഗിയെ നേരെ പറഞ്ഞുവിട്ടത് ഈ വ്യാജന്റെ അടുത്തേക്കാണ്. സമൂഹത്തിലെ നിരവധി പേരാണ് ഈ വ്യാജഡോക്ടറുടെ ചികിത്സക്കായി എന്നും ചേര്‍ത്തലയിലെ വീട്ടിലെത്തുന്നത്. പോലീസ് മഫ്ടി വേഷത്തില്‍ അമ്പതാമത്തെ ടോക്കണ്‍ എടുത്ത് കയറിയാണ് വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്.

ഒന്നരക്കോടി രൂപ വില വരുന്ന ചേര്‍ത്തലയിലെ വീട്ടില്‍ നിന്നും രണ്ട് കാറുകള്‍ കണ്ടെടുത്തിട്ടുണ്ട്. പ്ലസ്ടു അധ്യാപികയായ ഭാര്യയ്ക്ക് പോലും ഒന്നും അറിയില്ലായിരുന്നു. അതേസമയം, വ്യാജ ഡോക്ടറെ ഇത്രയേറെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യാന്‍ അനുവദിച്ചതിന് പിന്നിലും ദുരൂഹതയുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Exit mobile version