കണ്ണൂര്‍; ട്രെയിനില്‍ നിന്നും ഇറക്കിവിട്ട ഹൃദ്രോഗത്തിന് അടിമയായ കുഞ്ഞ് അമ്മയുടെ മടിയില്‍ കിടന്ന് മരിച്ച സംഭവത്തില്‍ കേരള സ്റ്റേറ്റ് ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തു. ഐപിഎഫ് കണ്ണൂര്‍ റീജിയന്‍ ഡയറക്ടറും ഇരിക്കൂര്‍ സ്വദേശിയുമായ അഡ്വ: പി പി മുബശ്ശിര്‍ അലി ഓണ്‍ലൈനായി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തില്‍ ദക്ഷിണ റെയില്‍വേ ഡിവിഷണല്‍ മാനേജരോട് വിശദീകരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടു നോട്ടീസ് അയക്കുവാന്‍ ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ: ടിവി മുഹമ്മദ് ഫൈസല്‍ ഉത്തരവിട്ടു.
കണ്ണൂര്‍ ഇരിക്കൂര്‍ കെസി ഹൗസില്‍ ഷമീര്‍- സുമയ്യ ദമ്പതികളുടെ മകള്‍ മറിയം ആണ് ബുധനാഴ്ച രാത്രി പതിനൊന്നരയോടെ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വച്ച് മരിച്ചത്.
മംഗലാപുരം -തിരുവനന്തപുരം മാവേലി എക്സ്പ്രസിലാണു സംഭവം. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ മൂന്നു മാസം മുന്‍പ് മറിയത്തിനു ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പനി ബാധിച്ചപ്പോള്‍ ഇരിക്കൂരിലെ ഡോക്ടറെ കാണിച്ചു. ശ്രീചിത്തിരയില്‍ നിന്നും കുട്ടിയെ ഉടന്‍ എത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ഇതിനായി രാത്രി റെയില്‍വേ സ്റ്റേഷനിലെത്തിയ ഇവര്‍ ജനറല്‍ ടിക്കറ്റ് എടുത്താണ് ട്രെയിനില്‍ കയറിയത്. ഒടുവില്‍ സുമയ്യ കുട്ടിയുമായി ലേഡീസ് കംപാര്‍ട്ട്മെന്റിലും ഷമീര്‍ ജനറല്‍ കംപാര്‍ട്ട്മെന്റിലും കയറി. തിരക്കേറിയ ബോഗിയില്‍ കൊണ്ടുപോകുന്നതു നില വഷളാക്കുമെന്നതിനാല്‍ പിന്നീട് സുമയ്യ കുഞ്ഞുമായി സ്ലീപ്പര്‍ കോച്ചില്‍ കയറി.
എന്നാല്‍, ടിക്കറ്റ് പരിശോധകര്‍ ഓരോ കോച്ചില്‍ നിന്നും ഇവരെ ഇറക്കിവിട്ടു. സീറ്റിനും വൈദ്യസഹായത്തിനും വേണ്ടി ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചിട്ടും ലഭിച്ചില്ലെന്നും അടുത്ത കോച്ചിലേക്കു മാറണമെന്ന് ആവശ്യപ്പെട്ട് ഓരോ സ്റ്റേഷനിലും ടിക്കറ്റ് പരിശോധകര്‍ ഇറക്കിവിടുകയായിരുന്നെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.
അടിയന്തിര സാഹചര്യത്തില്‍ രോഗിയായ പിഞ്ചു കുട്ടിയുടെ അവസ്ഥയുടെ ഗൗരവം കണക്കിലെടുക്കാതെ സ്ലീപ്പര്‍ കോച്ചില്‍ നിന്നും ഇറക്കിവിട്ടു എന്ന് മാത്രമല്ല, ഇത്തരം സാഹചര്യങ്ങളില്‍ മേല്‍ ഉദോഗസ്ഥരെ ബന്ധപ്പെട്ട് സ്പെഷ്യല്‍ കേസായി പരിഗണിച്ചും പ്രത്യേക സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ തയ്യാറാകാത്തതും, കൂടാതെ റെയില്‍വേയുടെ മെഡിക്കല്‍ സഹായം ലഭ്യമാക്കി കൊടുക്കാതിരുന്നതും മനുഷ്യത്വ സമീപനം സ്വീകരിക്കാതിരുന്നതും പൂര്‍ണ്ണമായും അനാസ്ഥയും ന്യൂനപക്ഷ സമുദായ അംഗമായ യാത്രക്കാരോട് കാണിച്ച വിവേചനവും അവഗണയുമാണെന്നും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.
സംഭവത്തില്‍ ബന്ധപ്പെട്ട റെയില്‍വേ ഉദ്യോഗസ്ഥരുടെ സമീപനം കുറ്റകരമായ അനാസ്ഥയാണെന്നും മരണപെട്ട പിഞ്ചു കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ന്യായമായ നഷ്ട പരിഹാരം നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ ബാധ്യസ്ഥരാണെന്നും കൂടാതെ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ ഇത്തരം ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുവാന്‍ നടപടി സ്വീകരിക്കാനും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അടുത്ത മാസം പതിമൂന്നാം തീയ്യതി നടക്കുന്ന കമ്മീഷന്റെ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും.