കൊല്ലങ്കോട് നെന്മേനിയില്‍ അമ്മയും മകനും മുങ്ങി മരിച്ചു

പാലക്കാട്: കൊല്ലങ്കോട് നെന്മേനിയിൽ അമ്മയും മകനും മുങ്ങി മരിച്ചു. നെന്മേനി കല്ലേരിപ്പൊറ്റയിൽ താമസിക്കുന്ന ബിന്ദു(46), മകൻ സനോജ്(11) എന്നിവരെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടത്. കൊടുകപ്പാറയിലെ അമ്പിട്ടൻചള്ള കുളത്തിൽ കുളിക്കാൻ ഇറങ്ങിയതാണ് ഇരുവരും.

ബിന്ദുവിന് അപസ്മാരത്തിൻ്റെ അസുഖമുണ്ടെന്ന് നാട്ടുകാർ പറയുന്നു. അസുഖം ഉണ്ടായ സമയത്ത് അമ്മയെ രക്ഷിക്കാൻ പോയ മകനും അപകടത്തിൽ പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തുന്നത്. ബിന്ദുവിൻ്റെ മൃതദേഹം പുറത്തെടുക്കുമ്പോഴാണ് കുളത്തിൻ്റെ കരയിൽ ഒരു കുട്ടിയുടെ ചെരുപ്പ് കാണുന്നത്.

പിന്നീട് ഫയർഫോഴ്സെത്തി നടത്തിയ തെരച്ചിലിലാണ് കുട്ടിയുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുളിക്കാനിറങ്ങിയപ്പോഴുണ്ടായ അപകടമാണെന്നാണ് പ്രാഥമിക നി​ഗമനം. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Exit mobile version