കേരളത്തിനായി ഒരു സ്വാഗതഗാനം വേണം; ലഭിച്ചത് രണ്ടായിരത്തിലധികം രചനകള്‍, കൊളളാവുന്ന ഒരെണ്ണം പോലും ഇല്ല

സര്‍ക്കാര്‍ പരിപാടികളിലും പൊതു ചടങ്ങുകളിലുമൊക്കെ ആലപിക്കാനാണ് കേരളത്തിനായി ഒരു സ്വഗത ഗാനം വേണമെന്ന ആശയം ഉയര്‍ന്നുവന്നത്.

തിരുവനന്തപുരം: എന്തൊരു അവസ്ഥയാണിത്. ആശാനും ഉളളൂരും വളളത്തോളുമൊക്കെ
ജനിച്ച മണ്ണില്‍  മനോഹരമായ ഒരു സ്വാഗത ഗാനം രചിക്കാന്‍ ആര്‍ക്കും സാധിച്ചില്ല എന്നു പറയുന്നത് എന്തൊരു നാണക്കേടാണ്. സര്‍ക്കാര്‍ പരിപാടികളിലും പൊതു ചടങ്ങുകളിലുമൊക്കെ ആലപിക്കാനാണ് കേരളത്തിനായി ഒരു സ്വഗത ഗാനം വേണമെന്ന ആശയം ഉയര്‍ന്നുവന്നത്.

ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം സ്വാഗതഗാനത്തിനായുളള രചനകള്‍ ക്ഷണിച്ചു. പ്രായഭേദമന്യേ എല്ലാവരും തങ്ങളുടെ രചനകള്‍ അയച്ചു. ഏകദേശം രണ്ടായിരത്തോളം രചനകളാണ് ലഭിച്ചത്. എന്നാല്‍ ഈ രചനകള്‍ പരിശോധിച്ച സാഹിത്യ അക്കാദമിയിലുളളവര്‍ ഞെട്ടിപ്പോയി. അടിച്ചുമാറ്റിയതും നിലവാരമില്ലാത്തതുമായിരുന്നു ലഭിച്ച രചനകളില്‍ ഭൂരിഭാഗവും. അതിനൊപ്പം മറ്റ് ഭാഷകളില്‍നിന്ന് അടിച്ചുമാറ്റി മൊഴിമാറ്റിയ രചനകളും ഉണ്ടായിരുന്നു.

സ്വാഗത ഗാനം തെരഞ്ഞെടുക്കനുളള സമിതിയില്‍ ഡോ. എം ലീലാവതി, ഡോ. എം.എം ബഷീര്‍, ഏഴാച്ചേരി രാമചന്ദ്രന്‍, ഡോ. എം ആര്‍ രാഘവവാര്യര്‍, സാംസ്‌കാരികവകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെപി മോഹനന്‍ എന്നിവരാണ്  ഉളളത്.

തമാശ എന്താണെന്നുവെച്ചാല്‍ സമൂഹത്തില്‍ അത്യവശ്യം നിലയും വിലയുമുളള കവികളുടെ സൃഷ്ടിക്കളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ വേറെ ചിലര്‍ നമ്മളെക്കൊണ്ട് ഇതിനൊന്നും ആകില്ലേ പഴയ പ്രാര്‍ഥനാ ഗീതങ്ങള്‍ മതി എന്ന് നിര്‍ദേശിച്ചു തടിയൂരി.

ഇപ്പോള്‍ ലഭിച്ച രചനകള്‍ ഒരു തവണ കൂടി വിലയിരുത്തിയതിന് ശേഷവും യോജിച്ചത് കിട്ടിയില്ലെങ്കില്‍ പഴയ കവികളെ ആശ്രയിക്കാനാണ് തീരുമാനം. ഇത് സാധിച്ചില്ലെങ്കില്‍ അവരുടെ പഴയ രചനകള്‍ സ്വാഗതഗാനത്തിന് അനുയോജ്യമായവ ഉണ്ടോയെന്ന് അന്വേഷിക്കാനുമാണ് ശ്രമം. ഡോ. എം ലീലാവതി, ഡോ. എം.എം ബഷീര്‍, ഏഴാച്ചേരി രാമചന്ദ്രന്‍, ഡോ. എം ആര്‍ രാഘവവാര്യര്‍, സാംസ്‌കാരികവകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ.പി മോഹനന്‍ എന്നിവരാണ് സ്വാഗതഗാനം തിരഞ്ഞെടുക്കുന്നതിനുള്ള സമിതിയിലുള്ളത്.

Exit mobile version